കിളിമാനൂർ: തിരുവനന്തപുരം, കൊല്ലം ജില്ലാ അതിർത്തിയിൽ പഴയകുന്നുമ്മൽ, കുമ്മിൾ പഞ്ചായത്തുകളുടെ അരികിൽ സ്ഥിതി ചെയ്യുന്ന മീൻമുട്ടി ഇന്ന് അവഗണനയിലാണ്. നിത്യേന നൂറുകണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ഇവിടെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ 35 ലക്ഷം രൂപ മുടക്കി മേൽപ്പാലം നിർമ്മിക്കുകയും തറയോടു പാകുകയും കോൺക്രീറ്റ് കസേരകൾ സ്ഥാപിക്കുകയും ചെയ്തതല്ലാതെ മറ്റ് വികസനങ്ങളൊന്നും നടന്നിട്ടില്ല. ഇവർക്കുള്ള അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ കാണിക്കുന്ന അലംഭാവമാണ് മീൻമുട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് പിന്നിൽ. മനോഹരമായ വെള്ളച്ചാട്ടത്തിനരികിലായി ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീധർമ്മ ശാസ്താ ക്ഷേത്രവും കാണാം. ആത്മീയതയും വിനോദ സഞ്ചാരവും ഒന്നിച്ചു ചേരുന്ന മീൻമുട്ടി തീർത്ഥാടന ടൂറിസത്തിന് ഏറെ മുതൽക്കൂട്ടായി മാറും എന്നത് ഉറപ്പാണ്. അധികാരികളുടെ ശ്രദ്ധ പതിഞ്ഞാൽ ഇവിടം തീർത്ഥാടന ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടുമെന്ന് ഉറപ്പാണ്.
നവീകരണത്തിന് മുടക്കിയത് 35 ലക്ഷം
ചരിത്രം
കൊടും വേനലിൽ പോലും സഞ്ചാരികൾക്ക് കുളിർമ്മയേകുന്നു. വെള്ളച്ചാട്ടത്തിന് കീഴിലായി മീനുകൾ പാറകളിൽ മുട്ടിയുരുമ്മുന്നതിനാലാണ് മീൻമുട്ടിയെന്ന് പേരു വന്നത്. ഇവിടെ ശ്രീനാരായണ ഗുരു പാറമുകളിൽ ധ്യാനനിരതനായി ഇരുന്നതായി ചരിത്ര രേഖകളിൽ കാണുന്നു. കൊല്ലവർഷം 1071ലാണ് ഗുരു ഇവിടം സന്ദർശിച്ചത്.
1118 ൽ ഇവിടെ രൂപീകരിച്ച ശ്രീചിത്രാ വ്രത സമാജത്തിന്റെ മിനിട്സ് ബുക്കിൽ ഗുരുവിന്റെ സന്ദർശനം രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് നിന്ന് 35 കിലോമീറ്റർ സഞ്ചരിച്ചാൽ കിളിമാനൂരിലെത്താം. അവിടെ നിന്ന് 8 കിലോമീറ്റർ ഉള്ളിലാണ് മീൻമുട്ടി.
ആവശ്യങ്ങൾ
നൂറു കണക്കിന് ആളുകളാണ് അവധി ദിവസങ്ങളിൽ ഇവിടെ എത്തുന്നത്,
അവർക്കായി ഒരു കംഫർട്ട് സ്റ്റേഷനും ഒരു ഷെൽട്ടറും സ്ഥാപിക്കണം
ഒരു വാച്ചറെ നിയമിക്കേണ്ടത് വളരെ അത്യാവശ്യമാണ്
കർക്കടകവാവിന് ആയിരക്കണക്കിന് ആളുകൾ എത്തുന്ന ഇവിടെ ഒരു മണ്ഡപം സ്ഥാപിക്കണം
വെള്ളച്ചാട്ടത്തിന് താഴെയായി ബണ്ട് സ്ഥാപിക്കണം
വിനോദ സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾക്കായി കംഫർട്ട് സ്റ്റേഷൻ, ഷെൽട്ടർ എന്നിവ സ്ഥാപിക്കും. പരിസ്ഥിതിക്കനുയോജ്യമായ വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും.
- മുല്ലക്കര രത്നാകരൻ എം.എൽ.എ