തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തിൽ മതനിരപേക്ഷ നിലപാടാണ് വേണ്ടത്. ജാതിമത ചിന്തകൾക്കതീതമായ ഇച്ഛാശക്തി കാണിക്കുന്നവരാണ് തിരഞ്ഞെടുപ്പിൽ ജയിക്കേണ്ടത്. വട്ടിയൂർക്കാവിൽ ഇടതുപക്ഷം ഇക്കാര്യത്തിൽ മാതൃകാപരമായ സമീപനമാണ് പുലർത്തിയത്. സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ ഇത് സന്തോഷം നൽകുന്നു. വലിയ പാരമ്പര്യമുള്ള നാടാണ് വട്ടിയൂർക്കാവ്. സ്വാതന്ത്ര്യസമര ചരിത്രത്തിലും വട്ടിയൂർക്കാവിന് സവിശേഷമായ ഇടമുണ്ട്. ഇൗ മഹനീയ പൈതൃകമെല്ലാം കാത്തുസൂക്ഷിച്ചു വേണം മുന്നോട്ടു പോകാൻ. തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി ഇതിനെല്ലാം വലിയ പ്രാധാന്യം നൽകണം. മണ്ഡലത്തിൽ വികസനമില്ലെന്ന് പറഞ്ഞുകൂടാ. പക്ഷേ ഇനിയും ഏറെ കാര്യങ്ങളിൽ വികസനം വരാനുണ്ട്. പ്രധാന പ്രശ്നം റോഡുകളും ഗതാഗതക്കുരുക്കും തന്നെ. വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം ഇനിയും എങ്ങുമെത്തിയിട്ടില്ല. ഇക്കാര്യത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധി അത്യുത്സാഹം കാണിക്കണം.