നേമം: നീറമൺകര ഭദ്രകാളി ദേവീ ക്ഷേത്ര കവർച്ചയുമായി ബന്ധപ്പെട്ട് കരമന പൊലീസ് റിമാൻഡ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മലയിൻകീഴ് മലയം വിഴവൂർ മൃഗാശുപത്രിക്ക് സമീപം വടക്കതിൽ വീട്ടിൽ സുനിൽകുമാർ ഗുപ്തയെ (39) ആണ് കസ്റ്റഡിയിൽ വാങ്ങിയത്. സെപ്തംബർ 16 ന് ക്ഷേത്രത്തിൽ നടന്ന കവർച്ചയിൽ കാണിക്കവഞ്ചികൾ പൊളിച്ച ശേഷം കാൽ ലക്ഷത്തോളം രൂപയാണ് കവർന്നത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കരമന പൊലീസ് തെളിവെടുത്ത് അന്വേഷണം നടത്തവേ ഒരു മോഷണ കേസുമായി ബന്ധപ്പെട്ട് പ്രതി തമ്പാനൂർ പൊലീസിന്റെ പിടിയിലായതൊടെയാണ് നീറമൺകര ക്ഷേത്ര കവർച്ചയ്ക്ക് തുമ്പുണ്ടായത്. റിമാൻഡിലായ പ്രതിയെ കഴിഞ്ഞദിവസം കരമന പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി, കാണിക്കവഞ്ചികൾ തകർത്ത സ്ഥലം, കാണിക്കവഞ്ചികൾ പൊളിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ എന്നിവ ഇയാൾ പൊലീസിന് കാണിച്ചുകൊടുത്തു. കത്തിയും പാരയും ഉൾപ്പെടെയുളള ആയുധങ്ങളാണ് മോഷ്ടാവ് കവർച്ചയ്ക്ക് ഉപയോഗിച്ചത്. കരമന എസ്.ഐ സാഗറിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. വിശദമായ തെളിവെടുപ്പിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.