mutumon

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിലും പരിസര പ്രദേശങ്ങളിലും മുടങ്ങാതെ കുടിവെള്ളം കിട്ടുമെന്ന് കരുതി നാട്ടുകാർ കാത്തിരുന്ന കാളിപ്പാറ ശുദ്ധജല പദ്ധതി ഇപ്പോൾ ടൗൺ നിവാസികൾക്ക് വിനയായി മാറുന്നു. പദ്ധതിക്കായി കുഴിച്ചിട്ട പൈപ്പുകൾ പൊട്ടിയൊഴുകി ടൗൺ ജലപ്രളയത്തിലാകുന്നത് പതിവാണ്. മഴ കനത്തതോടെ പൈപ്പ് ലൈൻ പോകുന്ന കുഴിയിലെ മണ്ണിളകിമാറി പലയിടത്തും ലൈൻ പൊട്ടുകയാണ്. നെയ്യാർ ജലസംഭരണിയിൽ നിന്നും വലിയ കുഴലുകളിലൂടെ നെയ്യാറ്റിൻകര താലൂക്കിൽ ഉടനീളം ശുദ്ധജലമെത്തിക്കുകയായിരുന്നു പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. പക്ഷേ വിതരണ പൈപ്പിൽ ജലം നിറഞ്ഞാൽ പ്രഷർ കൂടി പൈപ്പ് പൊട്ടും. ഇത് നന്നാക്കാനാണ് ഇടക്കിടക്ക് റോഡിലെ കുഴിക്കുള്ളിൽ സ്ഥാപിച്ച പൈപ്പ് പുറത്തെടുത്ത് നന്നാക്കുന്നത്. പൈപ്പ് ജോയിന്റിലെ വാഷറുകളുടെ അപര്യാപ്തതയാണ് പൈപ്പ്പൊട്ടാൻ കാരണമെന്നാണ് അടുത്തിടെ കണ്ടുപിടിക്കപ്പെട്ടത്. ഇതിന് അനുയോജ്യമായ പരിഷ്കരണമാണ് ഇപ്പോൾ നടക്കുന്നതത്രേ.

എതിർപ്പിൽ തുടക്കം

കാർഷികാവശ്യത്തിനായി കമ്മീഷൻ ചെയ്ത നെയ്യാർ ജലസംഭരണിയിൽ നിന്നും കുടിവെള്ള ആവശ്യത്തിനായി ജലം എടുക്കുന്നതിലുണ്ടായ എതിർപ്പിനെ അവഗണിച്ചാണ് പദ്ധതി തുടങ്ങിയത്. കൂറ്റൻ പൈപ്പുകൾ വാങ്ങുന്നതിലെ ക്രമക്കേട് പദ്ധതിക്ക് തിരിച്ചടിയായി മാറി. ഗുണമേന്മ കുറഞ്ഞ തരം പൈപ്പ് ഉപയോഗിച്ചത് കാരണം ജലം പമ്പ് ചെയ്യുമ്പോഴുണ്ടാകുന്ന പ്രഷറിലെ ഏറ്റക്കുറച്ചിലുകൾ പൈപ്പ് പൊട്ടുവാനിടയാക്കി. മാത്രമല്ല പൈപ്പുകൾക്കിടയിലെ വാഷറുകൾ വച്ചു പിടിപ്പിച്ചതും അശാസ്ത്രീയമാണെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു.ഇതിനെതിരെ ഇപ്പോൾ വിജിലൻസ് അന്വേഷണം നടക്കുകയാണ്. പൈപ്പ്ലൈൻ അറ്റകുറ്റപ്പണികൾ ചെയ്ത് പദ്ധതി കുറ്റമറ്റതാക്കണമെന്ന ആവശ്യം ശക്തമാണ്.

അപകടം പതിവ്

പൈപ്പ് പൊട്ടി നിറയെ റോഡിൽ കുഴികളാണ്. പൈപ്പ് ലൈൻ കുഴിച്ചിട്ട റോഡിലൊക്കെ വാഹനാപകടം പതിവാണ്. വെള്ളക്കെട്ട് കൂടിയായതോടെ ഇരുചക്രവാഹനയാത്രക്കാർ കൂടുതലായി അപകടത്തിൽപ്പെടുകയാണ്. അടുത്തിടെ ആശുപത്രി ജംഗ്ഷനിലെ പൈപ്പ് ലൈൻ പൊട്ടിയ വലിയ കുഴിയിൽ അകപ്പെട്ട് സിവിൽ സപ്ലൈസ് ഗോഡൗണിൽ നിന്നും അരിയുമായി എത്തിയ ലോറി മറിഞ്ഞിരുന്നു.