പാറശാല: നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ മേഖല എന്നറിയപ്പെടുന്ന ധനുവച്ചപുരം ഗ്രാമം ഇന്ന് കഞ്ചാവ് കച്ചവടക്കാരുടെ താവളമാണ്. കാലങ്ങളായി ഇവിടെ കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നുണ്ട്. യുവതലമുറയെ കീഴ്പ്പെടുത്തിയ ലഹരിയുടെ ഉപയോഗം പാൻപരാഗിൽ തുടങ്ങി മദ്യത്തിലും കഞ്ചാവിലും മയക്കുമരുന്നിലും ചെന്ന് നിൽക്കുകയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള ഇവിടെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നിരവധി കഞ്ചാവ് മാഫിയകളാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ ഗ്രാമം എന്ന പേരിനൊപ്പം ഇന്ന് കഞ്ചാവിന്റെ ഗ്രാമമെന്ന പേരും ധനുവച്ചപുരത്തിന് സ്വന്തമാണ്.
അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പരാതി വർദ്ധിച്ചതോടെ ഇവിടെ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തിയെങ്കിലും ലഹരിയുടെ വില്പനയ്ക്കും ഉപയോഗത്തിനും യാതൊരു കുറവും ഇല്ലെന്നാണ് ആക്ഷേപം. യുവാക്കളുടെ ഇടയിൽ പടർന്നുപിടിച്ച ലഹരി ഉപയോഗം ഇന്ന് കോളേജ് വിദ്യാർത്ഥികളെയും സ്കൂൾ വിദ്യാർത്ഥികളെയും വരെ ലക്ഷ്യമിട്ടിരിക്കുകയാണ്. കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിലെ വില്പന കേന്ദ്രങ്ങളിൽ എത്തുന്ന കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും ദിവസേന ട്രെയിൻ മുഖേന പ്രദേശത്തെ മൊത്ത ഏജന്റന്മാർക്ക് എത്തുന്നു. ഏജന്റന്മാർ ചെറുകിട കച്ചവടക്കാർക്ക് കൈമാറുന്നതിന് പുറമെ താലൂക്കിന്റെ വിവിധ മേഖലയിലേക്കും എത്തിക്കും. കഞ്ചാവുമായി വില്പനക്കാരെ ദിനവും പാറശാല റയിൽവേസ്റ്റേഷൻ കേന്ദ്രീകരിച്ച് പിടികൂടുന്നുണ്ടെങ്കിലും പൊലീസിന്റെ കണ്ണുവേട്ടിച്ച് ലഹരി വസ്തുക്കൾ നിർലോഭം ഒഴുകുകയാണ്.
കഞ്ചാവ് ഉപയോഗിച്ചാൽ
കഞ്ചാവിന്റെ ഉപയോഗം തലച്ചോറിനെയാണ് പ്രധാനമായും ബാധിക്കുന്നത്. ഇവരുടെ തലച്ചോറ് 2.8 വർഷം വേഗത്തിൽ വയസാകും. സ്കിസോഫ്രീനിയ ബാധിച്ചവർക്ക് 4 വർഷത്തിന്റെ വേഗത്തിലാകും തലച്ചോറ് പ്രായം ചെല്ലുന്നത്. തലച്ചോറിന്റെ പ്രായം വർദ്ധിക്കുന്തോറും അവയവങ്ങളിലേക്കുള്ള രക്തചംക്രമണം കുറഞ്ഞ് ഹൃദയാഘാതത്തിനും മറവിരോഗത്തിനും കാരണമാകുന്നുണ്ട്. കുട്ടികൾ ഉപയോഗിച്ചാൽ പേടി, ഓർമ്മശക്തി, അഭിരുചി, കുട്ടികളിലെ വികാരങ്ങൾ എന്നിവയെ ബാധിക്കും.