sabarimala
sabarimala

തിരുവനന്തപുരം: ശബരിമല വിമാനത്താവളം നിർമ്മിക്കാൻ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗം തീരുമാനിച്ചു.

ഗ്രീൻഫീൽഡ് വിമാനത്താവള നിർമ്മാണത്തിന് വേണ്ടിവരുന്ന ഭൂമിയുടെ കണക്കെടുക്കാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തി.

ചെറുവള്ളി എസ്റ്റേറ്റിന്റെ കൈവശമുള്ള 2263 ഏക്കർ ഭൂമി ശബരിമല വിമാനത്താവള നിർമ്മാണത്തിന് ഏറ്റെടുക്കാൻ രണ്ട് വർഷം മുമ്പ് ധാരണയായിരുന്നു. ഉടമസ്ഥാവകാശ തർക്കമുള്ള ഭൂമിയാണെങ്കിൽ 2013 ലെ ലാൻഡ് അക്വിസിഷൻ ആക്ടിലെ സെക്‌ഷൻ 77 പ്രകാരം ഏ​റ്റെടുക്കുന്ന ഭൂമിയുടെ വിലയ്ക്കുള്ള തുക സർക്കാർ കോടതിയിൽ കെട്ടിവയ്ക്കും. അന്തിമ വിധിയുടെ അടിസ്ഥാനത്തിലാവും തുക ഉടമയ്ക്കു കൈമാറുക.

വിമാനത്താവളത്തിനായി ളാഹ, കുമ്പള എസ്​റ്റേ​റ്റുകളും പരിഗണിച്ചെങ്കിലും രണ്ടു ദേശീയപാതകളുടെയും അഞ്ചു പൊതുമരാമത്തു റോഡുകളുടെയും സമീപത്തായതിനാലാണ് ചെറുവള്ളി എസ്‌​റ്റേ​റ്റ് തിരഞ്ഞെടുക്കാൻ മുൻ റവന്യു അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്റെ നേതൃത്വത്തിലുള്ള സമിതി ശുപാർശ ചെയ്തത്.

ചെറുവള്ളി എസ്റ്റേറ്റ് ഭൂമി വിമാനത്താവള നിർമ്മാണത്തിനായി കണ്ടെത്തുമ്പോൾ തന്നെ, അതിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയിലുണ്ടായിരുന്നു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, റവന്യു സെക്രട്ടറി, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.