തിരുവനന്തപുരം: തീയതി ഒൻപതായിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാനാകാത്തത് കെ.എസ്.ആർ.ടി.സിയെ കൂടുതൽ പ്രതിസന്ധിയിലാക്കി. സർക്കാരിൽ നിന്ന് ലഭിച്ചത് 16 കോടി രൂപയാണ്. അത് അക്കൗണ്ടിൽ എത്തിയിട്ടുമില്ല. ഡിജിറ്റൽ സിഗ്നേച്ചർ അപ്‌ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നമാണ് കാരണം. അത് കിട്ടിയാലും ശമ്പളവിതരണം പൂർണമായി നടത്താൻ കഴിയില്ല.
20 കോടി രൂപ അഭ്യർത്ഥിച്ചപ്പോഴാണ് സർക്കാരിൽ നിന്നു 16 കോടി ലഭിച്ചത്. ഇന്നലെ ഇക്കാര്യം മന്ത്രി എ.കെ. ശശീന്ദ്രൻ ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് പണം നേരിട്ട് നൽകാൻ ധനമന്ത്രി നിർദ്ദേശിച്ചിരുന്നു.
സ്ഥിരം ജീവനക്കാർക്ക് ശമ്പളം നൽകാൻ 76 കോടി രൂപയാണ് വേണ്ടത്. ബാക്കി 60 കോടി ഇതുവരെ സമാഹരിക്കാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടില്ല. ഇന്നും ശമ്പളവിതരണം നടന്നില്ലെങ്കിൽ ജോലിക്ക് ഹാജരാകണ്ട എന്നാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം.