തിരുവനന്തപുരം: തൊഴിൽ പരീക്ഷകൾക്കുള്ള ചോദ്യപേപ്പറുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നൽകാൻ പി.എസ്.സിയെ സഹായിക്കുന്നതിന് സർവകലാശാലകളുടെയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പ്രതിനിധികളുളള ഉപസമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗം തീരുമാനിച്ചു.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ കൺവീനറായ സമിതിയിൽ മലയാളം, സംസ്‌കൃതം സർവകലാശാലകളുടെയും കേരള, മഹാത്മാഗാന്ധി, കോഴിക്കോട്, കണ്ണൂർ സർവകലാശാലകളുടെയും പ്രതിനിധികൾ ഉണ്ടാകും. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങൾ തയ്യാറാക്കാൻ പ്രാപ്തിയുള്ള അദ്ധ്യാപകരെ കണ്ടെത്താനും സാങ്കേതിക പദങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാനുമുള്ള സഹായം ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ ഉപസമിതി സമർപ്പിക്കും.
ഇംഗ്ലീഷിൽ ചോദ്യം തയ്യാറാക്കുന്ന അദ്ധ്യാപകർ തന്നെ അത് പരിഭാഷപ്പെടുത്തി നൽകണമെന്നാണ് പി.എസ്.സിയുടെ ആവശ്യം. പ്ലസ് ടു തലത്തിൽ പാഠപുസ്തകങ്ങൾ എസ്.സി.ഇ.ആർ.ടി മലയാളത്തിലാക്കിയിട്ടുണ്ട്. അതിനുള്ള സാങ്കേതികപദ നിഘണ്ടുവും തയാറാക്കിയിട്ടുണ്ട്. ചോദ്യപേപ്പർ തയാറാക്കുന്ന അദ്ധ്യാപകർക്ക് സഹായത്തിന് ഇത് ഉപയോഗിക്കാൻ പറ്റുമോ എന്ന് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.