ksrtc

തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ ദിവസക്കൂലിക്ക് ഡ്രൈവർമാർ എത്താത്തതിനാൽ തുടർച്ചയായ അവധിദിനങ്ങൾക്കു ശേഷമുള്ള പ്രവൃത്തിദിനമായ ഇന്നലെ 672 ബസ് സർവീസുകൾ മുടങ്ങി. രാവിലെ മുതൽ യാത്രക്കാർ ബസ് സ്റ്റോപ്പുകളിൽ കാത്തുനിന്നു വലഞ്ഞു. മണിക്കൂറുകൾക്കുശേഷം കിട്ടിയ ബസുകളിൽ കാലുകുത്താൻ ഇടമില്ലാത്ത തിരക്കുമായി.

തുടർച്ചയായ അവധിക്കു ശേഷമുള്ള പ്രവൃത്തിദിനത്തിൽ എട്ടു കോടി രൂപയിലേറെ കളക്‌ഷൻ കിട്ടുന്നതാണ്. ഇന്നലെ അത് ആറരയായി കുറയുമെന്നാണ് കണക്കാക്കുന്നത്. കൃത്യമായ കണക്ക് ഇന്നറിയാം.
ആനുകൂല്യങ്ങളെല്ലാം ഒഴിവാക്കി ദിവസക്കാരായി പരിഗണിക്കുന്നതും തൊഴിലിലെ അനിശ്ചിതത്വവുമാണ് ഡ്രൈവർമാരുടെ വിമുഖതയ്ക്ക് കാരണം. നേരത്തേ ഡ്യൂട്ടി പാസ് പിൻവലിച്ചതിൽ പലർക്കും അതൃപ്തിയുണ്ടായിരുന്നു. എന്നാൽ ദിവസവും ഡ്യൂട്ടി ലഭിച്ചിരുന്നുവെന്ന ആശ്വാസമുണ്ടായിരുന്നു. ഇപ്പോൾ അതും ഇല്ലാതായി. ജോലിക്ക് എത്താനും തിരികെ പോകാനും കെ.എസ്.ആർ.ടി.സി ബസിൽ യാത്രാക്കൂലി നൽകണം. നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ റദ്ദാക്കേണ്ടിവന്നാൽ തിരികെ പോകണം. 500 രൂപയാണ് ഒരു ഡ്യൂട്ടിക്കുള്ള വേതനം. മറ്റു വാഹനങ്ങൾ ഓടിച്ചാൽ ഇതിൽകൂടുതൽ ലഭിക്കും. കെ.എസ്.ആർ.ടി.സിയിലെ ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും തുടർന്നത്. പുതിയ സാഹചര്യത്തിൽ നിയമനം സ്ഥിരപ്പെടുത്താനുള്ള ഒരു സാദ്ധ്യതയുമില്ല.