കിളിമാനൂർ: സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേലെ ചാഞ്ഞാൽ മുറിക്കണമെന്നാണ് പഴമൊഴി. അതു പോലൊരു മരമാണ് കേശവപുരം കമ്യുണിറ്റി ഹെൽത്ത് സെന്ററിന് മുന്നിൽ നിൽക്കുന്നത്. പണ്ടെന്നോ തണലിന് വേണ്ടി നട്ടുപിടിപ്പിച്ച മരം ഇന്നു ആശുപത്രിക്ക് മുന്നിൽ പടർന്നു പന്തലിച്ചു നിൽക്കുന്നു.
ആശുപത്രിയിൽ എത്തുന്ന രോഗികളോ അവർക്ക് കൂട്ടിനായി എത്തുന്നവരോ തണൽ തേടി വൃക്ഷച്ചുവട്ടിൽ ഇരുന്നാൽ പക്ഷി കാഷ്ഠത്തിൽ കുളിക്കും. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദിവസേന നൂറു കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയാണ് കേശവപുരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ. ഇവിടെ എത്തുന്ന രോഗികളും ജീവനക്കാരും ഈ പക്ഷികളുടെ കാഷ്ഠത്തിൽ നിന്നും, പക്ഷിയുടെ ശരീരത്തിലെ ചെള്ളുകളിൽ നിന്നും പകർച്ചവ്യാധികളുടെ പേടിയിലാണ്. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ദേശാടന പക്ഷികളിൽ നിന്നും ഇവർ രോഗ ഭയത്തിലാണ്. ദിവസേന ആശുപത്രി ജീവനക്കാർ വൃക്ഷച്ചുവട് വൃത്തിയാക്കുകയും, ലോഷൻ തളിക്കുന്നുണ്ടങ്കിലും നൂറു കണക്കിന് പക്ഷികൾ വൃക്ഷത്തിന് മുകളിൽ കൂടു കൂട്ടിയിരിക്കുന്നതിനാൽ ഇത് കൊണ്ട് പ്രയോജനമില്ലന്നാണ് രോഗികൾ ഉൾപ്പെടെയുള്ളവർ പറയുന്നത്. ചെറിയ രോഗങ്ങളുമായി എത്തുന്നവർ പക്ഷിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികളുമായി പോകേണ്ടി വരുമോ എന്നും ഇവർ ഭയക്കുന്നു. എന്നാൽ ഇതേ സമയം ആശുപത്രിയിൽ എത്തുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി മരത്തിന്റെ ശിഖരം മുറിച്ചു മാറ്റുന്നതിന് ഹോസ്പിറ്റൽ അധികൃതരും, ബ്ലോക്ക് പഞ്ചായത്തും സോഷ്യൽ ഫോറസ്ട്രിയിൽ നിന്ന് അനുമതി തേടിയെങ്കിലും പരിസ്ഥിതി പ്രവർത്തകരുടെയും, പക്ഷി സ്നേഹികളുടെയും എതിർപ്പിനെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു.