kerala-bank-

തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അന്തിമാനുമതി നൽകി. നടപടികൾ പൂർത്തിയായാൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തിന്റെ സ്വന്തം ബാങ്ക് നിലവിൽ വരും.

റിസർവ് ബാങ്കും നബാർഡും മുന്നോട്ട് വച്ച എല്ലാ ഉപാധികളും പാലിച്ചുള്ള സർക്കാരിന്റെ റിപ്പോർട്ട് അംഗീകരിച്ചാണ് റിസർവ് ബാങ്ക് അനുമതി നൽകിയതെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ബാങ്ക് തുടങ്ങുന്നതുൾപ്പെടെയുള്ള നടപടികൾ പിന്നീട് പ്രഖ്യാപിക്കും. മുഖ്യമന്ത്രി, ധനകാര്യമന്ത്രി, ചീഫ് സെക്രട്ടറി എന്നിവരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും.

പതിമ്മൂന്ന് ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. സഹകരണ നിയമത്തിൽ കൊണ്ടുവന്ന 14 (എ) വകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസുകളുടെ തീർപ്പുകൾക്ക് വിധേയമായാണ് ലയനം പ്രാബല്യത്തിലാകുക. ബാങ്ക് തുടങ്ങുന്നതിനുള്ള ആറ് നിബന്ധനകൾ കൃത്യമായി പാലിക്കണമെന്ന് അനുമതി ഉത്തരവിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

പ്രയോജനങ്ങൾ

2000 കോടിയിലേറെ നിക്ഷേപം

1670 സഹകരണ ബാങ്കുകൾ ഒരു കുടക്കീഴിലാകും

സംസ്ഥാനത്ത് 823 ശാഖകൾ

സാധാരണക്കാർക്ക് കുറഞ്ഞ പലിശയ്‌ക്ക് വായ്പ

കടമ്പകൾ കടന്ന്

കേരള ബാങ്കിന് അനുകൂലമായി 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയെങ്കിലും മലപ്പുറം ജില്ലാ സഹകരണ ബാങ്ക് എതിർത്തു. റിസർവ് ബാങ്ക് 19 നിബന്ധനകൾ മുന്നോട്ടു വച്ചിരുന്നു. എല്ലാ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളും പൊതുയോഗത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമെന്നതായിരുന്നു ഇതിൽ പ്രധാനം. യു.ഡി.എഫ് നിയന്ത്രണത്തിലുള്ള മലപ്പുറം സഹകരണബാങ്കിന്റെ ഭരണസമിതി യോഗം ലയനത്തെ എതിർത്തു. തുടർന്ന് മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണ്ടെന്നും കേവല ഭൂരിപക്ഷം മതിയെന്നുമുള്ള ഭേദഗതിയോടെ ഓർഡിനൻസ് ഇറക്കിയാണ് സർക്കാർ ഇത് മറികടന്നത്. ഈ ഭേദഗതി റിസർവ് ബാങ്ക് അംഗീകരിച്ചതോടെയാണ്‌ കേരള ബാങ്ക് രൂപീകരണത്തിന് വഴിയൊരുങ്ങിയത്.


ഇനി വേണ്ടത്

റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചത് ഹൈക്കോടതിയെ അറിയിക്കും

 21 കേസുകളും തീർപ്പാകുന്ന മുറയ്‌ക്ക് പ്രവർത്തനം ആരംഭിക്കും
ബോർഡ് ഒഫ് ഡയറക്ടേഴ്‌സിനെ തീരുമാനിച്ച് റിസർവ് ബാങ്കിനെ അറിയിക്കും

വോട്ടവകാശം ഇല്ലാതെ വായ്‌പേതര സംഘങ്ങളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഭരണസമിതിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തണം


ഇതുവരെ നടന്നത്

2018 സെപ്തംബർ 2 - കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്കിന് അപേക്ഷ നൽകി
2018 ഒക്ടോബർ 3- കേരള ബാങ്കിന് തത്വത്തിൽ അംഗീകാരം നൽകി. 19 വ്യവസ്ഥകൾ പാലിക്കണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശം
2019 മാർച്ച് 29- വ്യവസ്ഥകൾ പാലിച്ച് അന്തിമ അപേക്ഷ റിസർവ് ബാങ്കിന് നൽകി.
2019 ഒക്ടോബർ 9 - കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അനുമതി