കൊല്ലം: വർക്കല ഇടവ വെറ്റക്കുട കുഞ്ഞിക്കായഴികത്ത് അബുഹസൻ ഉന്തുവണ്ടി മോഷ്ടിച്ചതിന് പിന്നിൽ ഒരു മധുര പ്രതികാരത്തിന്റെ ഫ്ലാഷ് ബാക്കുണ്ട്. തന്റെ ഉപജീവന മാർഗമായിരുന്ന ഉന്തുവണ്ടി ആറുമാസം മുമ്പ് അപഹരിക്കപ്പെട്ട കഥയാണ് ഇപ്പോഴത്തെ മോഷണത്തിന് സാധൂകരണമായി അബുഹസൻ പറഞ്ഞതെങ്കിലും പൊലീസ് ഈ കഥ വിശ്വസിച്ചിട്ടില്ല.
തിങ്കളാഴ്‌ച പകലാണ് കൊല്ലൂർവിള പള്ളിമുക്ക് മുസ്ലീം ജമാ അത്തിന് മുന്നിൽ നിന്ന് ആപ്പിളും ഓറഞ്ചും ഉൾപ്പടെയുള്ള പഴ വർഗങ്ങൾ നിറച്ച സാഗറിന്റെ ഉന്തുവണ്ടി കാണാതാകുന്നത്. തുടർന്ന് സാഗർ ഇരവിപുരം പൊലീസിൽ പരാതി നൽകി. ഇന്നലെ ഉച്ചയോടെ പാരിപ്പള്ളി ഭാഗത്ത് കൂടി സാഗറിന്റേതെന്ന് സംശയിക്കുന്ന ഒരു ഉന്തുവണ്ടിയിൽ ഒരാൾ കച്ചവടം നടത്തി പോകുന്നത് ശ്രദ്ധയിൽപ്പെട്ട സാഗറിന്റെ പരിചയക്കാരൻ വിവരം ഇരവിപുരം സി.ഐയെ അറിയിച്ചു. സി.ഐ നിർദേശിച്ചതനുസരിച്ചു പാരിപ്പള്ളി സ്‌റ്റേഷനിലെ ഒരു പൊലീസുകാരൻ മഫ്‌തിയിൽ ഹസനെ ഫ്രൂട്ട്സ് വാങ്ങാനെന്ന വ്യാജേന സമീപിച്ചു. വില പേശിയപ്പോൾ ആപ്പിളിനും ഓറഞ്ചിനും അതിശയിപ്പിക്കുന്ന വിലക്കുറവ്. പള്ളിമുക്കിൽ നിന്ന് പാരിപ്പള്ളി വരെ ഏകേദശം 18 കിലോമീറ്റർ ദൂരം ഹസൻ തോന്നിയ വിലയ്‌ക്ക് പഴങ്ങൾ വിറ്റ് ഉന്തുവണ്ടി കാലിയാക്കുകയായിരുന്നു ലക്ഷ്യം. പാരിപ്പള്ളിയിൽ വണ്ടി കാലിയാക്കി ഇടവായിൽ എത്തിച്ച് സ്വന്തം ബിസിനസ് തുടങ്ങുകയായിരുന്നു ഉദ്ദേശ്യം. വണ്ടിയിലുണ്ടായിരുന്നത് ആരുടെയോ മുതലായതുകൊണ്ടാണ് തോന്നിയ വിലയ്‌ക്ക് വിറ്റുതീർത്തത്.
എന്നാൽ ചില്ലറ അമ്പല -പള്ളി മോഷണങ്ങളുള്ള ഹസൻ പള്ളി പരിസരത്ത് കറങ്ങിയത് നേർച്ച വഞ്ചിയിൽ കണ്ണ് വച്ചായിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. ആട്ടിൻ കുട്ടികളെ പ്ലാവില കാട്ടി പ്രലോഭിപ്പിച്ച് ഏറെ ദൂരം നടത്തിയ ശേഷം വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുന്ന ശൈലി അബു ഹസന്റേതാണെന്ന് പൊലീസിന് സംശയം ഉണ്ടായെങ്കിലും സ്ഥിരീകരണമില്ല.
ചിറയിൻകീഴ് പൊലീസ് സ്‌റ്റേഷനിൽ അബു ഹസനെതിരെ ഉന്തുവണ്ടി മോഷണത്തിന് കേസുണ്ടെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു.