ഏറെ നാളായി പറഞ്ഞുകേൾക്കുന്ന സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായ കേരള ബാങ്ക് കേരളപ്പിറവി ദിനത്തിൽ യാഥാർത്ഥ്യമാകാൻ പോവുകയാണ്. സഹകരണ ബാങ്കുകളെ ലയിപ്പിച്ചു രൂപം കൊള്ളുന്ന കേരള ബാങ്ക് സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ സുപ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലങ്ങും വിലങ്ങും അനവധി ബാങ്കുകളുള്ള സംസ്ഥാനത്ത് ഇത്തരത്തിൽ പുതിയൊരു ബാങ്കിന്റെ പ്രസക്തി സംശയിക്കുന്നവരുണ്ടാകാം. എന്നാൽ സംസ്ഥാനത്തിന്റെ വികസനാവശ്യങ്ങളോട് വളരെയടുത്തു ചേർന്നു നിൽക്കാനും പങ്കാളിയാകാനും കേരള ബാങ്കിനു കഴിയും. എൽ.ഡി.എഫിന്റെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പു പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്ന കേരള ബാങ്ക് പിറവിയെടുക്കാൻ വളരെയധികം സമയമെടുത്തു എന്നതു ശരിയാണ്. നിയമക്കുരുക്കുകളായിരുന്നു പ്രധാന കാരണം. പിന്നെ പ്രതിപക്ഷ മുന്നണിയും കേരള ബാങ്കിന് പൂർണമായും എതിരായിരുന്നു. ബാങ്ക് രൂപീകരണം തടസപ്പെടുത്താൻ കോടതി വഴിയും അല്ലാതെയും അവർ ആകാവുന്നത്ര പ്രതിബന്ധങ്ങൾ തീർത്തുകൊണ്ടിരുന്നു.
സഹകരണ പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള കേരളത്തിൽ പുതിയ ബാങ്കിന് അതുകൊണ്ടുതന്നെ അതിവിപുലമായ സാദ്ധ്യതകളാണുള്ളത്. ബാങ്ക് രൂപീകരണത്തിനെതിരെ ഹൈക്കോടതിയിൽ ഇനിയും കേസ് തീരാനുണ്ട്. ഈ കേസിന്റെ തീർപ്പിനു വിധേയമായിട്ടാണ് റിസർവ് ബാങ്ക് കേരള ബാങ്ക് തുടങ്ങാൻ അനുമതി നൽകിയിരിക്കുന്നത്. അടുത്ത മാർച്ച് 31 വരെയാണ് റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള സമയ പരിധി. കേസും കൂട്ടവുമൊക്കെ തീർത്ത് അതിനു മുന്നേ ബാങ്ക് തുടങ്ങാനായില്ലെങ്കിൽ അനുമതി ലാപ്സാകും. പിന്നീട് എല്ലാം വീണ്ടും തുടങ്ങണം. അതിനൊന്നും ഇടവരുത്താതെ നവംബർ ഒന്നിനു തന്നെ ബാങ്ക് നിലവിൽ വരത്തക്കവിധം നടപടികൾ ത്വരിതപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് സർക്കാർ.
ജില്ലാ ബാങ്കുകളുടെ നിലവിലുള്ള 800 ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാഖകളും ഉൾപ്പെടെ 820 ശാഖകളോടെയാകും കേരള ബാങ്ക് പ്രവർത്തനം തുടങ്ങുക. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇപ്പോൾത്തന്നെ മതിയായ സാന്നിദ്ധ്യമുള്ള സഹകരണ ബാങ്കുകൾക്ക് എല്ലാ വിഭാഗം ആൾക്കാരുടെയും ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ ഒട്ടും പ്രയാസമുണ്ടാകില്ല. സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കെന്ന പെരുമയുള്ളതിനാൽ ഏറെ ജനവിശ്വാസവും കാണും. കേരള ബാങ്കിനെതിരായി നിൽക്കുന്നത് മലപ്പുറം ജില്ലാ ബാങ്ക് മാത്രമാണ്. റിസർവ് ബാങ്ക് അനുമതി നൽകിയ സ്ഥിതിക്ക് പഴയ നിലപാടിൽ നിന്ന് അവരും മാറേണ്ടിവരുമെന്നു തീർച്ച. പ്രതിപക്ഷത്തുള്ളവരെയും ഒപ്പം കൂട്ടാനുള്ള ശ്രമം സർക്കാർ തുടരുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതൽ വിവേകപൂർവമായി പ്രശ്നത്തെ സമീപിക്കാനും ബാങ്ക് രൂപീകരണത്തിന് പിന്തുണ നൽകാനും പ്രതിപക്ഷം ശ്രമിക്കേണ്ടതാണ്. ഇപ്പോൾ പ്രതിപക്ഷത്താണെങ്കിലും പിന്നീട് അധികാരം ലഭിക്കുമ്പോൾ അവരുടേതു കൂടിയായി കേരള ബാങ്ക് മാറുമെന്ന കാര്യം മറക്കരുത്.
കേരള ബാങ്ക് രൂപീകരണം സാദ്ധ്യമാക്കുന്നതിന് സഹകരണ നിയമം സർക്കാർ ഭേദഗതി ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകളാണ് ഹൈക്കോടതി മുൻപാകെ ഉള്ളത്. ബാങ്ക് തുടങ്ങാൻ റിസർവ് ബാങ്ക് മുന്നോട്ടുവച്ചിരുന്ന പത്തൊൻപത് ഉപാധികളും പാലിക്കാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. അനുമതി നൽകിയപ്പോൾ മുന്നോട്ടുവച്ച പുതിയ ആറു വ്യവസ്ഥകൾ പാലിക്കാനും തയ്യാറാണെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. മൂലധന പര്യാപ്തത കൈവരിക്കാൻ ആവശ്യമായ നൂറുകോടിയോളം രൂപ സർക്കാർ നൽകും. ബാങ്ക് ഭരണസമിതിയിലും മാനേജ്മെന്റ് ഘടനയിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചും ധാരണയായിട്ടുണ്ട്.
പുതുതായി കൊണ്ടുവരുന്ന ഏത് ആശയത്തെയും എതിർക്കുക എന്ന മലയാളി സ്വഭാവമാണ് കേരള ബാങ്കിന്റെ പിറവിയെയും വൈകിച്ചത്. ഏതായാലും റിസർവ് ബാങ്കിന്റെ അന്തിമ അനുമതിയായതോടെ എതിർപ്പുകൾക്ക് ഇനി പ്രസക്തിയൊന്നുമില്ല. ജനങ്ങളുടെ, പ്രത്യേകിച്ച് സാധാരണക്കാരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാനും അവരുടെ സാമ്പത്തികാവശ്യങ്ങൾ നേരിടാനും കേരള ബാങ്ക് പ്രാപ്തമാകുന്നതിനെ ആശ്രയിച്ചാകും അതിന്റെ വളർച്ചയും വിജയവും. നിക്ഷേപത്തിനും വായ്പകൾക്കുമുള്ള പലിശ നിരക്കുകൾ മറ്റു ബാങ്കുകളെക്കാൾ ആകർഷകമാകേണ്ടതുണ്ട്. ദേശസാത്കൃത ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും സാധാരണക്കാരിൽ നിന്ന് അകന്നു കൊണ്ടിരിക്കുകയാണ്. എല്ലാവിധ സേവനങ്ങൾക്കും അടിക്കടി നിരക്കു കൂട്ടിക്കൊണ്ടിരിക്കുന്ന ഈ ബാങ്കുകൾ ഇടപാടുകാരെ ചൂഷണം ചെയ്താണ് വൻ വളർച്ച നേടുന്നത്. നിസാര തുകയ്ക്കു പോലും പാവപ്പെട്ടവരെ സ്വന്തം വീടുകളിൽ നിന്ന് നിർദ്ദാക്ഷിണ്യം ഇറക്കിവിടാൻ മടികാട്ടാത്ത ഇവർ ഓരോ വർഷവും വൻകിടക്കാരുടെ ലക്ഷക്കണക്കിനു കോടികളാണ് കിട്ടാക്കടമായി എഴുതിത്തള്ളുന്നത്. സാധാരണക്കാരുടെ കൊച്ചു കൊച്ചു വായ്പാ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അവർക്ക് താത്പര്യമൊന്നുമില്ല. ഇപ്പോൾ സഹകരണ ബാങ്കുകളാണ് പലപ്പോഴും അവരുടെ സഹായത്തിനെത്തുന്നത്. കേരള ബാങ്ക് പ്രവർത്തനം തുടങ്ങുന്നതോടെ ഗ്രാമീണ മേഖലയിലെ വായ്പാ ആവശ്യങ്ങൾക്ക് കൂടുതൽ പരിഗണന ലഭിക്കേണ്ടതാണ്. അതുപോലെ നിക്ഷേപങ്ങൾക്കും മികച്ച തോതിൽ ആദായം നൽകാൻ കേരള ബാങ്കിനു കഴിയും. ഇപ്പോൾത്തന്നെ സഹകരണ ബാങ്കുകളാണ് ഈ രംഗത്തു മുന്നിൽ നിൽക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ സംസ്ഥാനത്തിന്റെ വികസനത്തിനു വേഗം കൂട്ടാൻ കേരള ബാങ്കിനു തീർച്ചയായും കഴിയും. അതിനിണങ്ങുന്നതാകണം പുതിയ ബാങ്കിന്റെ ഭരണശൈലിയും പ്രവർത്തനവും.