തിരുവനന്തപുരം: റിസർവ് ബാങ്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ കോടതിയുടെ പ്രത്യേകാനുമതിയോടെ കേരളപ്പിറവി ദിനത്തിൽ തന്നെ കേരളബാങ്ക്‌ ഉദ്ഘാടനം ചെയ്യാൻ സർക്കാർ ശ്രമം തുടങ്ങി. കേരളബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഇരുപതിലേറെ കേസുകൾ ഹൈക്കോടതിയിലുണ്ട്. ഇതിൽ തീർപ്പാകാതെ ബാങ്കിന്റെ പ്രവർത്തനം ആരംഭിക്കാൻ സാങ്കേതിക തടസമുണ്ട്. എന്നാൽ, സർക്കാർ തീരുമാനമെന്ന നിലയിൽ നിയമപരമായി കേരളബാങ്കിന് തടസമൊന്നുമില്ല. സാങ്കേതിക നടപടികൾക്കെതിരെയാണ് കേസുകളുള്ളത്. അതിനാൽ ബാങ്ക് ഉദ്ഘാടനത്തെ കോടതി എതിർക്കാനിടയില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.

കോടതിയുടെ അനുമതി ലഭിച്ചാൽ ഉദ്യോഗസ്ഥ തലത്തിലുള്ള താത്കാലിക ഡയറക്ടർ ബോർഡ് രൂപീകരിച്ച് പ്രവർത്തനം നവംബർ ഒന്നിന് ആരംഭിക്കും. ഗവ. സെക്രട്ടറി ചെയർമാനും സംസ്ഥാന സഹകരണ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ മാനേജിംഗ് ഡയറക്ടറുമായുള്ള പ്രഥമ കമ്മിറ്റിയാണ് രൂപീകരിക്കുക. അഡിഷണൽ സെക്രട്ടറി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരാകും ബോർഡ് മെമ്പേഴ്‌സ്. ആറുമാസത്തിനകം തിരഞ്ഞെടുപ്പ് നടത്തി ബോർഡ് രൂപീകരിക്കാനാണ് പദ്ധതി.

ലയനത്തെ സംബന്ധിച്ച് മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റേതടക്കമുള്ള കേസുകളിൽ റിസർവ് ബാങ്കിനെ എതിർകക്ഷിയായി ചേർത്തിട്ടുള്ളതിനാൽ ആർ.ബി.ഐയുടെ സത്യവാങ്മൂലം അനുസരിച്ചാകും കേസിന്റെ ഭാവി.

 ഇടപാടുകാർക്ക് നേട്ടം

നബാർഡ് വഴിയും മറ്റും നൽകുന്ന വായ്പകൾക്ക് ജില്ലാബാങ്കുകൾ ഈടാക്കുന്ന പലിശ വിഹിതം ഒഴിവാക്കാനാകുമെന്നതാണ് ഇടപാടുകാർക്കുള്ള നേട്ടം.


സർക്കാരിനും നേട്ടം

ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപത്തിന് നിശ്ചിതതോതിൽ കരുതൽ ധനം സൂക്ഷിക്കണം. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ, കാഷ് റിസർവ് റേഷ്യോ എന്നീ വിഭാഗങ്ങളിലാണിത്. 100 രൂപ നിക്ഷേപം വാങ്ങിയാൽ 24 രൂപ കരുതലായി മാറ്റിവയ്ക്കണം. ഇതിൽ സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ഗവൺമെന്റ് സെക്യൂരിറ്റികളിൽ നിക്ഷേപിക്കണം. സഹകരണ മേഖലയിലെ ആകെ നിക്ഷേപമായ 1.30 ലക്ഷം കോടി രൂപയുടെ 24 ശതമാനം കരുതൽ ധനമായി ലഭിക്കും. കാഷ് റിസർവ് റേഷ്യോ കേരളബാങ്കിനും സെക്യൂരിറ്റി നിക്ഷേപത്തിലേക്കുള്ളത് കിഫ്ബിയിലും ലഭിക്കും.