ശ്രീകാര്യം: ഏഴോളം നഗരസഭാ വാർഡുകൾ ഉൾപ്പെടുന്ന ശ്രീകാര്യം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുന്നുകൾ പലതും അപ്രത്യക്ഷമാകുന്നതോടൊപ്പം കുളവും തോടും അടങ്ങുന്ന ജലാശയങ്ങളിൽ പലതും കരഭൂമിയായി മാറുകയാണ്. മണ്ണിടിക്കലിനും മറ്റും ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ ഇവിടത്തെ ചില ഉന്നത ഉദ്യോഗസ്ഥർ ഇതിനെല്ലാം ഒത്താശ ചെയ്യുന്നെന്നാണ് പരക്കെയുള്ള ആക്ഷേപം. കഴിഞ്ഞ ദിവസം പകൽ സമയം മണ്ണുമായി തലങ്ങും വിലങ്ങും പാഞ്ഞ ലോറികളെ പിടികൂടിയെങ്കിലും ലോറികൾ ഉടമസ്ഥർക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഇവർക്കെതിരെ നടപടിയും ഉണ്ടായില്ല.
ഓരോ ദിവസവും നിരവധി ഭൂമാഫിയ സംഘങ്ങളുടെ ലോറികളാണ് മണ്ണെടുക്കാനുള്ള അനുമതി കാത്ത് പുറം വാതിലുകളിൽ ക്യൂ നിൽക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് തകൃതിയായി നടക്കുന്നത് എന്നതിനാൽ ആരും പ്രതികരിക്കാറില്ല. അഥവാ മിണ്ടിയാൽ അതിന്റെ പണി പലരൂപത്തിൽ കിട്ടുമെന്ന് ഓർമ്മിപ്പിക്കാനുള്ള ആളുകളും രംഗത്തുണ്ട്. ലോഡുകണക്കിന് മണ്ണാണ് ഓരോ ദിവസവും കടത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 13 ടിപ്പറുകൾക്കാണ് പെർമിറ്റ് നൽകിയത്. 200 ലോഡ് മണ്ണെങ്കിലും കടത്തിയതായി നാട്ടുകാർ പറയുന്നു. നിലവിൽ ചെറുവയ്ക്കൽ, കല്ലമ്പള്ളി, പൗഡിക്കോണം, കരിയം, അലത്തറ തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് വ്യാപകമായി മണ്ണെടുത്ത് കടത്തുന്നത്. പലപ്പോഴും വീട് നിർമാണത്തിന്റെ പേര് പറഞ്ഞാണ് മണ്ണെടുപ്പ് അനുമതി നേടുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന മണ്ണിന്റെ ഭൂരിഭാഗവും പാടശേഖരം നികത്താനാണ് ഉപയോഗിക്കാറ്.
വീട് നിർമ്മാണ ആവശ്യവുമായി മണ്ണെടുക്കാൻ അപേക്ഷയുമായി വരുന്നവരെ സഹായിക്കാറുണ്ട്. മണ്ണെടുക്കാൻ നിയമപരമായി ആർക്കും അനുമതി നൽകിയിട്ടില്ല. മണ്ണ് മാഫിയകളെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ തെളിവ്തന്നാൽ നടപടിയെടുക്കും. മറിച്ചുള്ള ആരോപണങ്ങൾ ശരിയല്ല.
അഭിലാഷ് ഡേവിഡ്, ശ്രീകാര്യം സി.ഐ.