general

ബാലരാമപുരം: കരമന- കളിയിക്കാവിള ദേശീയപാതയിൽ പള്ളിച്ചൽ പഞ്ചായത്തിലെ പൂങ്കോട് വാർഡിലെ മുടവൂർപ്പാറ- ദിലീപ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നടപടിയായി. ഐ.ബി. സതീഷ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് ഇന്റർലോക്ക് നിർമ്മാണത്തിനും വാർഡ് മെമ്പർ അംബികാദേവിയുടെ വാർഷിക ഫണ്ടിൽ നിന്നു ഓടനിർമ്മിതിക്കും നാലര ലക്ഷം രൂപ വീതം അനുവദിച്ചു. വെള്ളക്കെട്ടും കുണ്ടും കുഴിയുമായി തകർന്ന് തരിപ്പണമായ മുടവൂർപ്പാറ –ദിലീപ് റോഡിന്റെ ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി വാർത്തകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എം.എൽ.എ ഇടപെട്ടാണ് റോഡ് അടിയന്തരമായി ഇന്റർലോക്ക് ചെയ്യാൻ നടപടി സ്വീകരിച്ചത്. 2016ൽ ടാർ ചെയ്തതിനു ശേഷം റോഡിൽ ഇതുവരെയും അറ്റക്കുറ്റപ്പണികൾ നടന്നിട്ടില്ല. നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം രണ്ട് മാസം കഴിഞ്ഞപ്പോൾ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടു. മഴയത്ത് വെള്ളക്കെട്ട് കാരണം ഇതുവഴിയുള്ള യാത്ര വാഹനയാത്രികർക്ക് വെല്ലുവിളിയായി മാറിയിരുന്നു. ജനപ്രതിനിധികളുടെ ഫണ്ട് അഞ്ച് ലക്ഷത്തിൽ താഴെയായതിനാൽ കൺവീനർ വർക്ക് കൈമാറിയാണ് ഇന്റർലോക്കും ഓടയും നിർമ്മിക്കുന്നത്. ദിലീപ് റോഡിന്റെ നിർമ്മാണം പൂർത്തിയായാൽ വയലിക്കട റോഡ് നവീകരിക്കാനും നേമം ബ്ലോക്കിൽ നിന്നു പ്രോജക്ട് എം.എൽ.എക്ക് കൈമാറിയിട്ടുണ്ട്.