malakovil

കുഴിത്തുറ: ചരിത്രവും പ്രകൃതി സൗന്ദര്യവും ഒരുപോലെ സമന്വയിക്കുന്ന പ്രസിദ്ധമായ ചിതറാൽ മലക്കോവിൽ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്.

ക്രിസ്തു വർഷത്തിനും ഒരു നൂറ്റാണ്ടുമുമ്പ് പണികഴിപ്പിക്കപ്പെട്ടതായ രേഖകൾ പറയുന്ന ഈ ക്ഷേത്രം ജൈനമതം തെക്കേയിന്ത്യയിൽ പ്രചരിച്ചു തുടങ്ങിയ കാലത്ത് നിർമ്മിച്ച ജൈന വിഹാരമാണ്. രണ്ട് പാറകൾക്കുള്ളിലായി നിർമ്മിച്ചിട്ടുള്ള ഈ ക്ഷേത്രം ഏവരിലും അദ്ഭുതമുളവാക്കുന്നതാണ്. ജൈന വാസ്തു രീതിയായ മാനസാര വാസ്തു വിദ്യയുടെ കലാചാരുതയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് മലകയറാനുള്ള അനുകൂല കാലാവസ്ഥ. മല കയറാൻ കരിങ്കൽ പാകിയ മനോഹരമായ പാതയും മലകയറുമ്പോൾ ക്ഷീണമകറ്റാൻ കരിങ്കൽ കൊണ്ട് നിർമ്മിച്ച ബെഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. താമിരഭരണി ആറുകളും പശ്ചിമഘട്ട നിരകളും മലയ്ക്കു ചുറ്റുമുള്ള മനോഹര കാഴ്ചയാണ്. മുകളിലെത്തിയാൽ വിശ്രമിക്കാനായി പടർന്നുനിൽക്കുന്ന ആൽമരവും കാണാം. ഇതിന് അരികിലുള്ള കവാടം വഴി അകത്തേക്ക് കടന്നാൽ ക്ഷേത്രത്തിലെത്താം. ക്ഷേത്ര പരിസരത്തെ രണ്ട് പാറകൾക്കിടയിൽ ഒരിക്കലും വറ്റാത്ത കുളവും ഇവിടത്തെ പ്രത്യേകതയാണ്. ഇവിടത്തെ ചുമരുകളിൽ വട്ടെഴുത്തിലും സംസ്‌കൃതത്തിലും തമിഴിലുമായി ഒൻപത് ശിലാലിഖിതങ്ങൾ ചരിത്രത്തിലേക്കുള്ള വെളിച്ചം വീശുന്ന ഏടുകളായി നിൽക്കുന്നു. കൂടാതെ ഇവിടത്തെ ചുമരുകളിൽ പാർശനാഥന്റെയും പത്മാവതി ദേവിയുടെയും പൂർണകായ പ്രതിമകൾക്കൊപ്പം പാർശ്വനാഥന്റെ തലയ്ക്കുമുകളിൽ കുടയായി നിൽക്കുന്ന നാഗത്തിന്റെയും പ്രതിമകൾ കാണാം.

ചരിത്രം

ജൈന കാലഘട്ടം കഴിഞ്ഞ് 1300 കൾക്ക് ശേഷമാണ് ഇത് ദേവീ ക്ഷേത്രമായി മാറുന്നത്. 1913ൽ ശ്രീമൂലം തിരുനാളാണ് ഭഗവതി പ്രതിഷ്ഠ ചെയ്തതെന്നും അതുവരെ പത്മാവതി ദേവിയെയാണ് ഇവിടെ ആരാധിച്ചിരുന്നതെന്നും പറയുന്നു. ഇന്ന് ഈ ക്ഷേത്രം ആർക്കിയോളജിക്കൽ സർവേ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഇന്ത്യയുടെ നിരീക്ഷണത്തിൽ ജൈന പൈതൃക കേന്ദ്രമായി സംരക്ഷിക്കപ്പെടുന്നു.

സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം

ഇന്ന് ഈ സ്ഥലം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറി. സാധാരണക്കാർക്ക് ഇവിടം അത്ര സുരക്ഷിതമല്ലെന്ന് വേണം പറയാൻ. കൂടാതെ പാറകൾക്കിടയിൽ അനാശാസ്യ പ്രവർത്തനവും നടക്കുന്നതായി നാട്ടുകാർ പറയുന്നു. മൂന്നു മാസം മുൻപ് തീർഥനാളി സാമൂഹ്യവിരുദ്ധർ തകർത്തിരുന്നു. നിത്യപൂജ ഇല്ലാത്തതിനാൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർ ക്ഷേത്രത്തിനു പുറത്ത് പൊങ്കാല ഇട്ടു മടങ്ങാറാണ് പതിവ്.