തിരുവനന്തപുരം : സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകളെയും സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാൻ റിസർവ് ബാങ്ക് അന്തിമാനുമതി നൽകിയതോടെ, ലയനത്തിൽ നിന്ന് വിട്ടുനിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ ഭാവിയെപ്പറ്റി ആശങ്ക ഉയരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സംസ്ഥാന നിയമസഭ പാസാക്കിയ സഹകരണ ആക്ട് അനുസരിച്ച്, ത്രിതല ബാങ്കിംഗ് സംവിധാനം അവസാനിച്ചു. പ്രാഥമിക ബാങ്കുകളും കേരള ബാങ്കും മാത്രമുള്ള ദ്വിതല സംവിധാനമാണ് ഇനിയുള്ളത്. മലപ്പുറം ജില്ലാ സഹകരണ ബാങ്കിന് മാത്രം ഇനി ജില്ലാതലത്തിൽ പ്രവർത്തിക്കാൻ കഴിയുമോയെന്നത് ചോദ്യചിഹ്നമാവുകയാണ്.
പുതിയ നിയമം വന്നതോടെ, പ്രാഥമിക ബാങ്കുകളെല്ലാം കേരള ബാങ്കിൽ നേരിട്ട് അംഗങ്ങളാണ്. പ്രാഥമിക ബാങ്കുകളിലെ നിക്ഷേപം സ്വാഭാവികമായും സൂക്ഷിക്കാൻ അപെക്സ് ബാങ്കായ കേരള ബാങ്കിനാവും ചുമതല. കേരള ബാങ്കിൽ മാത്രമേ നിക്ഷേപം നടത്താൻ പാടുള്ളൂവെന്ന് പ്രാഥമിക ബാങ്കുകളോട് സഹകരണ വകുപ്പ് രജിസ്ട്രാർ രേഖാമൂലം നിർദ്ദേശിച്ചാൽ മലപ്പുറം ജില്ലയിലെ 131 പ്രാഥമിക സംഘങ്ങളും ഇക്കാര്യം പാലിക്കാൻ നിർബന്ധിതമാവും. അതോടെ മലപ്പുറം ജില്ലാ ബാങ്കിൽ എത്തുന്ന 65 ശതമാനം നിക്ഷേപവും ഇല്ലാതാകും.
മലപ്പുറം ജില്ലയിലെ 131 പ്രാഥമിക സംഘങ്ങളിൽ 34 സംഘങ്ങൾ ജില്ലാ ബാങ്ക് ലയനത്തിന് അനുകൂലമാണ്. 97 സംഘങ്ങളാണ് ഇതിനെ എതിർക്കുന്നത്. റിസർവ് ബാങ്കിന്റെ ലൈസൻസുള്ളതിനാൽ മലപ്പുറം ജില്ലാ ബാങ്കിന് പ്രവർത്തിക്കാൻ തടസമൊന്നും നിലവിലില്ല. എന്നാൽ എൻ.ആർ.ഐ നിക്ഷേപമടക്കം സ്വീകരിക്കാനും ആർ.ടി.ജി.എസ്, നിഫ്റ്റ് സംവിധാനങ്ങൾ നടപ്പാക്കാനും കഴിയുന്നത് കേരള ബാങ്കിന് മാത്രമാണ്.
സർക്കാർ
ചെയ്യാനിടയുള്ളത്
കേരള ബാങ്ക് നേരിട്ട് മലപ്പുറം ജില്ലയിൽ ശാഖകൾ തുടങ്ങും
ലയനത്തെ എതിർക്കുന്ന പ്രാഥമിക ബാങ്കുകളെ കേരള ബാങ്കുമായി സഹകരിക്കാൻ നിർബന്ധിതമാക്കും
സഹകാരികളുടെ നിർബന്ധത്തിന് വഴങ്ങി ലയനത്തിന് ജില്ലാ ബാങ്കിനെ നിർബന്ധിതമാക്കും