തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശേരി സ്മാരക പുരസ്‌കാരം കവി കെ. സച്ചിദാനന്ദന്. 50,001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമെന്ന് പ്രൊഫ. ജോസഫ് മുണ്ടശേരി ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ പ്രൊഫ. കെ.എൻ. ഗംഗാധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താൻ സഹായകമായ എഴുത്തിനുള്ള മുണ്ടശേരി സ്മാരക യുവ വൈജ്ഞാനിക പുരസ്‌കാരം ദിലീപ് മാമ്പിള്ളിലിന് നൽകും. 'പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക്' എന്ന ഗ്രന്ഥത്തിനാണ് 10,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം. 29ന് വൈകിട്ട് 5ന് അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം നൽകും. പ്രൊഫ. വി.എൻ. മുരളി, വി. രാധാകൃഷ്ണൻ നായർ, എം. ചന്ദ്രബോസ്, ഡോ. എസ്. രാജശേഖരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.