പാറശാല: അതിർത്തി കടക്കുന്ന ആട്ടോ റിക്ഷകൾക്കെതിരെ തമിഴ്നാട്ടിലെ മാർത്താണ്ഡം ആർ.ടി.ഒ നടത്തിവന്ന ശിക്ഷാനടപടികൾക്കെതിരെ അതിർത്തിയിലെ ആയിരത്തോളം ആട്ടോ ഡ്രൈവർമാർ കളിയിക്കാവിളയിൽ എത്തി പ്രതിഷേധ ധർണ നടത്തി. ആർ.ടി.ഓഫീസിന് നേരെ നടത്താനിരുന്ന പ്രതിഷേധ പ്രകടനം തമിഴ്‌നാട് പൊലീസ് സേന ശക്തമായി തടഞ്ഞു. തുടർന്ന് അതിർത്തിയിലെ തമിഴ്നാട് റോഡ് വിട്ട് കേരളത്തിന്റെ ഭാഗമായ റോഡ് വക്കിൽ വച്ചാണ് പ്രതിഷേധ ധർണ നടത്തിയത്. പാറശാല മുതൽ അമരവിള വരെയും, പൊഴിയൂർ മുതൽ വെള്ളറട വരെയുമുള്ള ആട്ടോ സ്ഥാൻഡുകളിലെ സി.ഐ.ടി.യു, എ.ഐ. ടി.യു.സി, ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ വിഭാഗങ്ങളിലെ ഡ്രൈവർമാർ ധർണയിൽ പങ്കെടുത്തു. കളിയിക്കാവിള പി.പി.എം ജംഗ്‌ഷന് സമീപത്തായി നടന്ന ധർണ മുൻ എം.എൽ.എ എ.ടി. ജോർജ് ഉദ്‌ഘാടനം ചെയ്തു. ബി.എം.എസ് പാറശാല മേഖല സെക്രട്ടറി പി.ജി. അനിൽ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു പാറശാല ഏരിയാകമ്മിറ്റി സെക്രട്ടറി ആറ്റുപുറം അജയൻ, ആട്ടോ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി ജയമോഹനൻ, ഏരിയാപ്രസിഡന്റ് വി. പ്രമോദ്, കെ.പി.സി.സി സെക്രട്ടറി ആർ. വത്സലൻ, ഐ.എൻ.ടി.യു.സി ജില്ല ഓർഗനൈസിംഗ് സെക്രട്ടറി ആടുമൻകാട് വിജയൻ, ബി.എം.എസ് പാറശാല മേഖല വൈസ് പ്രസിഡന്റ് രാജശേഖരൻ, എൻ.ജി.ഒ സംഘ് ജില്ല പ്രസിഡന്റ് പ്രതീപ്, സി.ഐ.ടി.യു പാറശാല ഏര്യ ജോയിൻറ് സെക്രട്ടറി ജയദാസ്, വൈ.കെ.ഷാജി, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.
അതിർത്തി പ്രദേശങ്ങളിൽ പെർമിറ്റ് ഇല്ലാതെ ആറ് കിലോമീറ്റർ വരെ മറ്റ് സംസ്ഥാനങ്ങളിലെ വാഹനങ്ങൾക്ക് കടന്ന് ചെല്ലാമെന്ന് തിരുവനന്തപുരം കന്യാകുമാരി കളക്ടർമാർ തമ്മിൽ ധാരണ ഉണ്ടാക്കിയിരുന്നു. ഈ ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് ആർ.ടി.ഒ യുടെ നടപടി. തക്കല ഡിവൈ.എസ്.പി. രാമചന്ദ്രന്റെ നേതൃത്വത്തിൽ കളിയിക്കാവിള എസ്.ഐ മോഹന അയ്യർ സമരക്കാരുമായി ചർച്ച നടത്തി. തുടർന്ന്
ശിക്ഷാനടപടികൾ സ്വീകരിക്കില്ലെന്നും കസ്റ്റഡിയിലെടുത്ത ആട്ടോകൾ ഉടൻ വിട്ടയയ്ക്കുമെന്നും അറിയിച്ചു. ഇതോടെ രാവിലെ 10 ന് തുടങ്ങിയ ധർണ 11.30 ഓടെ അവസാനിപ്പിച്ചു. സംഭവത്തെ തുടർന്ന് കേരള പൊലീസും സ്ഥലത്ത് എത്തിയിരുന്നു.