കല്ലമ്പലം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മഴവെള്ള സംഭരണി പദ്ധതികൾ ഫലപ്രദമല്ലെന്നാക്ഷേപം. ഇത്തവണ ശക്തമായ മഴ ലഭിച്ചിട്ടും നാവായിക്കുളം പഞ്ചായത്തുൾപ്പെടെ മഴവെള്ളം സംഭരിക്കുന്നതിൽ വിമുഖത കാട്ടി. പഞ്ചായത്തിന്റെ തനത് വരുമാനത്തിന്റെ ഒരു വിഹിതം മഴവെള്ള സംഭരണത്തിനായി വിനിയോഗിക്കണമെന്നാണ് സംസ്ഥാന ആസൂത്രണ ബോർഡിന്റെ നിർദ്ദേശം. കെട്ടിട നിർമാണ ചട്ടങ്ങളിലും മഴവെള്ള സംഭരണി അനിവാര്യമാണ്. എന്നാൽ നാവായിക്കുളം പഞ്ചായത്തിൽ നിർമ്മിച്ച സംഭരണികൾ ഇന്ന് ഉപയോഗ ശൂന്യമായി തീർന്നിരിക്കുന്നു.
ശരാശരി വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു എൽ.പി സ്കൂളിൽ നിന്നും മഴവെള്ള സംഭരണി വഴി ഒരു മൺസൂൺ സീസണിൽ 50000 മുതൽ രണ്ട് ലക്ഷം ലിറ്റർ വരെ വെള്ളം സംഭരിക്കാൻ കഴിയും. എൽ.പിക്ക് പുറമേ ഹൈസ്കൂളും ഹയർസെക്കൻഡറിയും കോളേജുകളും എത്തുന്നതോടെ ശേഖരിക്കുന്ന വെള്ളത്തിന്റെ അളവ് അഞ്ച് ലക്ഷം ലിറ്ററിന് മുകളിലാണ്. ഇതിന്റെ ചെലവാകട്ടെ 10000 രൂപയിൽ താഴെയും. വേനൽക്കാലത്ത് അനുഭവിക്കുന്ന കടുത്ത കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്നറിഞ്ഞിട്ടും അധികൃതർ മഴവെള്ള സംഭരണികളെ അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.