കാട്ടാക്കട : മിനി വൈദ്യുതി ഭവനെന്ന കാട്ടാക്കടക്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നു. കാട്ടാക്കടയിൽ ഇലക്ട്രിസിറ്റി ബോർഡിന്റെ മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി എം.എം. മണി നിർവഹിക്കും. ഇതോടെ പട്ടണത്തിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വൈദ്യുതി ഓഫീസുകളെല്ലാം ഒരു കുടക്കീഴിലാകും. കാട്ടാക്കട പൊലീസ് സ്റ്റേഷനു സമീപം വൈദ്യുതി സെക്‌ഷൻ ഓഫീസ് സ്ഥിതി ചെയ്തിരുന്ന 26 സെന്റ് ഭൂമിയിലാണ് കെട്ടിടം പണിതത്. 15 മാസങ്ങൾക്കുള്ളിൽ തന്നെ മന്ദിരം പണി പൂർത്തിയാക്കി. ആധുനിക സംവിധാനങ്ങളുള്ള കെട്ടിടത്തിൽ സെക്‌ഷൻ ഓഫീസ്, സർക്കിൾ ഓഫീസ്, സബ് ഡിവിഷൻ ഓഫീസ് എന്നിവയാണ് സജ്ജീകരിക്കുക. കെട്ടിടം തുറക്കുന്നതോടെ കാട്ടാക്കട, നെയ്യാറ്റിൻകര, നെടുമങ്ങാട് താലൂക്കുകളിലെ വൈദ്യുതി സംബന്ധമായ ആവശ്യങ്ങൾക്കായി പലയിടങ്ങളിലെ ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതി ഒഴിവാകും. കാട്ടാക്കട സർക്കിൾ ഓഫീസിന് കീഴിൽ താലൂക്കിലെ പത്ത് സെക്‌ഷൻ ഓഫീസുകളാണ് വരുന്നത്. ഉദ്ഘാടന ചടങ്ങിൽ ഐ.ബി. സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ സി. ദിവാകരൻ, കെ.എസ്. ശബരീനാഥൻ, ഡി.കെ. മുരളി, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, ഒ. രാജഗോപാൽ, എം. വിൻസെന്റ്, കെ.എസ്.ഇ.ബി ഡയറക്ടർ ഡോ. വി. ശിവദാസൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, ജില്ലാ പഞ്ചായത്തംഗങ്ങളായ ആർ. രമാകുമാരി, അൻസജിതാറസൽ, ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിക്കും.