pipe-line

പാറശാല: ദേശീയപാതയിലൂടെ സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈൻ പരശുവയ്ക്കലിൽ പൊട്ടിയതോടെ പാറശാല ടൗണിലും പരിസര പ്രദേശങ്ങളിലും വീണ്ടും കുടിവെള്ളം മുടങ്ങി. പരശുവയ്ക്കൽ വണ്ടിച്ചിറയിൽ പുതിയതായി സ്ഥാപിച്ചിട്ടുള്ള പ്ലാന്റിൽ ശുദ്ധീകരിച്ച വെള്ളം പാറശാലയിൽ എത്തിക്കുന്ന പൈപ്പ് ലൈൻ ആണ് ഇന്നലെ രാവിലെ പൊട്ടിയത്. പാറശാലയിലെ കുടിവെള്ള വിതരണം തടസമില്ലാതെ തുടരുന്നതിനും ശുദ്ധമായ വെള്ളം ഉറപ്പാക്കുന്നതിനുമായിട്ടാണ് പതിനൊന്ന് കോടിയോളം രൂപ ചെലവാക്കി പുതിയ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ പ്ലാന്റിന്റെ ഉദ്‌ഘാടനത്തിന് ശേഷം പതിനാറ് തവണയോളം പ്രധാന പൈപ്പ് പൊട്ടിയിട്ടുണ്ട്. ദിവസങ്ങളോളം കുടിവെള്ള വിതരണവും തടസപ്പെടുന്നു. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും അത് നന്നാക്കാൻ വാട്ടർ അതോറിട്ടിക്ക് വൻ തുകയും ചെലവാകാറുണ്ട്. പരശുവയ്ക്കൽ മുതൽ പാറശാല വരെ സ്ഥാപിച്ചിട്ടുള്ള എ.സി പൈപ്പിന്റെ ബലഹീനത കാരണമാണ് അടിക്കടി പൊട്ടുന്നത്. പ്രദേശത്തെ വീടുകൾക്കുള്ള കണക്ഷനുകളും ഈ പൈപ്പിലൂടെയാണ്. കാലഹരണപ്പെട്ടതും ശക്തമായ മർദ്ദം താങ്ങാൻ കഴിയാത്തതും കാരണം എ.സി. പൈപ്പുകൾ മാറ്റി പകരം പുതിയ പൈപ്പുകൾ സ്ഥാപിക്കുകയാണ് പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം. അല്ലാത്ത പക്ഷം കോടികൾ ചെലവാക്കി സ്ഥാപിച്ചിട്ടും നാട്ടുകാർക്ക് പ്രയോജനം ലഭിക്കാതെ വരുന്നതാണ്.