വർക്കല: നൂറ്റാണ്ടുകൾ പഴക്കമുള്ള വർക്കല പെരുങ്കുളത്തിന്റെ രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ നിറുത്തിവച്ചിട്ട് മാസങ്ങളായി.
രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ തടസപ്പെട്ടിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പെരുങ്കുളത്തിന്റെ മുക്കാൽ ഭാഗവും പായൽ നിറഞ്ഞും കാട്ടുപുല്ലുകൾ പടർന്നു കയറിയും മാലിന്യങ്ങൾ അടിഞ്ഞും കിടക്കുകയാണ്. കുളത്തിന്റെ വശങ്ങളിൽ പൊന്തക്കാട് വളർന്നു.
വർക്കലയുടെ ചരിത്രത്തോടൊപ്പം തന്നെ ചേർന്നു നിൽക്കുന്ന കുളമാണിത്. വർക്കല ജനാർദ്ദനസ്വാമി ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ട് പാണ്ഡ്യരാജാവ് നിർമ്മിച്ചതാണ് പെരുങ്കുളമെന്ന് ചരിത്രരേഖകളിൽ പറയുന്നു. വർക്കല ക്ഷേത്രക്കുളത്തേക്കാൾ വലിപ്പമേറിയ ഈ കുളം സമുദ്രനിരപ്പിൽ നിന്നും ഉയർന്നാണ് സ്ഥിതിചെയ്യുന്നത്. പെരുങ്കുളം ഇതുവരെ വറ്റിയ ചരിത്രമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
പരാതികൾ വർദ്ധിക്കുമ്പോൾ ഇടയ്ക്കിടെ മാലിന്യങ്ങൾ കോരി കരയ്ക്കിടും. ഇത് അടുത്ത മഴയിൽ കുളത്തിലേക്ക് തന്നെ ഒഴുകിയിറങ്ങുമെന്ന് നാട്ടുകാർ പറയുന്നു.
ആധുനിക രീതിയിൽ കുളം നവീകരിക്കുന്നതിന് മാറിമാറി വരുന്ന നഗരസഭ ഭരണസമിതികൾ ബഡ്ജറ്റിൽ തുക വകയിരുത്തുമെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. ടൂറിസം കേന്ദ്രമാക്കി നീന്തൽ പരിശീലനത്തിന് ഉപയോഗപ്പെടുത്താവുന്ന കുളമാണ് മാലിന്യക്കെടുതിയിലകപ്പെട്ട് കിടക്കുന്നത്.