book

തിരുവനന്തപുരം: ശബരിമല വിമാനത്താവാളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള തീരുമാനത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നും കയ്യേറ്റക്കാർക്ക് സർക്കാർ ഭൂമിയുടെ അവകാശം നൽകാനുള്ള ശ്രമമാണ് ഇതിന് പിറകിലെന്നും മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. ആർ.സുനിലിന്റെ ഹാരിസൺസ്: രേഖയില്ലാത്ത ജന്മി എന്ന പുസ്തകം പ്രസ്ക്ലബ് ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ചർച്ച ചെയ്യേണ്ട ഗൗരവമായ ഭൂപ്രശ്നങ്ങൾ ഉന്നയിക്കുന്ന പുസ്തകമാണ് ഹാരിസൺസ്: രേഖയില്ലാത്ത ജന്മി. അഞ്ചര ലക്ഷം ഏക്കർ വരുന്ന സർക്കാർ ഭൂമിയാണ് ഹാരിസൺ അടക്കമുള്ള കമ്പനികൾ കൈവശം വച്ചിരിക്കുന്നത്. സർക്കാരിന് അവകാശപ്പെട്ട ഭൂമി വ്യജരേഖയുണ്ടാക്കി നിയമവിരുദ്ധമായാണ് ഇവർ കയ്യടക്കിയത്. ഹാരിസൺ കേസിൽ സർക്കാർ കോടതിയിൽ തോറ്റുകൊടുക്കുകയാണ് ഉണ്ടായത്. ഹാരിസൺ അടക്കമുള്ള കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി നിയമ നിർമ്മാണത്തിലൂടെ സർക്കാർ ഏറ്റെടുക്കണമായിരുന്നെന്നും കമ്പനികൾ അനധികൃതമായി കൈവശം വച്ച ഭൂമിക്കെതിരെ സർക്കാർ ഉടൻ സിവിൽ കോടതിയെ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റിയൽ എസ്റ്റേറ്റ് അതോറിട്ടി അദ്ധ്യക്ഷനായി പി.എച്ച് കുര്യനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തെയും സുധീരൻ കുറ്റപ്പെടുത്തി.

കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ,​ കെ. സുരേഷ്കുമാർ,​ സി.ഡി.എസ് റിട്ട.പ്രൊഫ. പി. ശിവാനന്ദൻ,​ ഗോത്രമഹാസഭ കൺവീനർ എം.ഗീതാനന്ദൻ,​ പെമ്പിള ഒരുമ നേതാവ് ജി.ഗോമതി,​ ഡി.എച്ച്.ആർ.എം നേതാവ് സെലീന പ്രക്കാനം,​ സി.ഡി.എസ് അസി,. പ്രൊഫ. ജയശീലൻ രാജ്,​ തൊവരിമല ഭൂസമര സമിതി നേതാവ് എം.പി കുഞ്ഞിക്കണാരൻ,​ പ്രസ്ക്ലബ് ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ്,​ കെ. സന്തോഷ് കുമാർ,​ എസ്. ശരത് തുടങ്ങിയവർ സംസാരിച്ചു.