ബാലരാമപുരം: തമിഴ്നാട്ടിലെ കുമാരകോവിലിലെ കുമാരസ്വാമിയുടെയും ശുചീന്ദ്രത്തെ മുന്നൂറ്റിനങ്കയുടെയും പദ്മനാഭപുരത്തെ സരസ്വതിദേവിയുടെയും വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയുടെ തിരിച്ചെഴുന്നള്ളത്തിന് ബാലരാമപുരത്ത് ഭക്തിസാന്ദ്രമായ സ്വീകരണം നൽകി. 118 വർഷം മുമ്പ് തിരുവിതാംകൂർ മഹാരാജാവ് ബാലരാമപുരം വീര്യ പെരുമാൾ പിള്ളയ്ക്ക് കൽപ്പിച്ചു നൽകിയ അവകാശമുള്ള പെരുമാൾപിള്ളയുടെ മകൻ രാജപ്പൻപിള്ളയുടെ പിൻതലമുറക്കാരായ പെരുമാൾ പിള്ള, സുബ്രഹ്മണ്യപിള്ള, ജവഹർ, ശരവണൻ, ഉമാശങ്കർ, ഗണേശൻ, പൊന്നമ്മ, വനജകുമാരി, വൈജയന്തി, ഇന്ദിര എന്നിവരും കുടുംബാംഗങ്ങളും ബാലരാമപുരം ജംഗ്ഷനിൽ നെയ്യാറ്റിൻകര റോഡിൽ വരവേൽപ്പ് നടത്തി. മാടൻകോവിൽ തെരുവിൽ തട്ടപ്പൂജയൊരുക്കി സ്വീകരിച്ചു. നവരാത്രി വിഗ്രഹഘോഷയാത്രയായി അകമ്പടി സേവിച്ച് എത്തിയവർക്ക് അന്നദാനവും സംഘടിപ്പിച്ചു. വഴിയോരങ്ങളിൽ ഭക്തർ തട്ടപ്പൂജയൊരുക്കി മടക്കയാത്രയിൽ സ്വീകരണം നൽകി. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നു നവരാത്രി ഘോഷയാത്ര ഇന്ന് കുഴിത്തുറയിലേക്ക് തിരിക്കും.