വക്കം: കീഴാറ്റിങ്ങൽ റൂറൽ സൊസൈറ്റിയിൽ കവർച്ച നടത്താൻ ശ്രമിച്ച എട്ടംഗ സംഘത്തെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഊന്നിൻമൂട്, ഇളമ്പ, കൊട്ടിയം എന്നിവിടങ്ങളിൽ വച്ച് പിടികൂടി. ആറ്റിങ്ങൽ താഴെ ഇളമ്പ അശ്വതി ഭവനിൽ അനിൽ (43), വിഷ്ണു നിവാസിൽ ദീപൻലാൽ (30), പാറയിൽ ബിനിക്കാ ഭവനിൽ വിമൽ (28), കൊട്ടിയം ജീസസ് ഭവനിൽ സിജോൺ (29), കൊട്ടിയംകുന്നം പുറത്ത് വീട്ടിൽ നിസാം (31), നിലയ്ക്കാമുക്ക് മംഗ്ലാവിൽ വീട്ടിൽ അനൂപ് (28), അനുജൻ അരുൺ (27), ഏലാപ്പുറം ഭജനമഠം സ്വദേശി വിനോദ് (38) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. ഏലപ്പുറത്തെ റൂറൽ സൊസൈറ്റിയുടെ മുൻവശത്തെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച ശേഷം അകത്തെ കതക് തകർക്കാൻ ശ്രമിച്ചെങ്കിലും ന
ടന്നില്ല. തുടർന്ന് സമീപത്തെ മറ്റൊരു സ്ഥലം കൂടി ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ അടുത്ത വീട്ടിൽ ലൈറ്റ് തെളിഞ്ഞതോടെ കവർച്ചാ സംഘം രക്ഷപ്പെടുകയായിരുന്നു. പിറ്റേന്നാണ് കവർച്ചാ ശ്രമം പുറംലോകം അറിയുന്നത്.
കവർച്ചയെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, അനിൽ മുമ്പ് ചാത്തന്നൂരിലെ ഒരു കോളേജിലെ ഓഫീസ് തുറന്ന് 29,000 രൂപ കവർന്നിരുന്നു. ഇതിൽ 17,000 രൂപ കൊടുത്ത് കോയമ്പത്തൂരിൽ നിന്നു ഒരു ഗ്യാസ് കട്ടർ വാങ്ങി. ഗ്യാസ് കട്ടർ ഉപയോഗിക്കാൻ അറിയാത്ത സംഘം കല്ലറയിൽ ഒരു കട തുറക്കാൻ ശ്രമിച്ചെങ്കിലും പദ്ധതി പാളി. തുടർന്ന് അനിൽ കൊട്ടിയത്തെ വെൽഡറായ സിജോണിനെയും കൂട്ടി വാടകയ്ക്കെടുത്ത സ്കോർപിയോയിൽ സംഘത്തോടൊപ്പം ഏലാ പുറത്ത് എത്തുകയായിരുന്നു. അനിലാണ് മതിലിന് മുകളിൽ കയറി സി.സി ടിവി കാമറയുടെ ദിശ മാറ്റിയത്. തുടർന്നാണ്
ഷട്ടർ മുറിക്കാൻ ശ്രമിച്ചത്. അനിൽ മുമ്പ് ഈ സൊസൈറ്റിയിലാണ് ഫർണിച്ചർ ജോലി ചെയ്തിരുന്നത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ അരുണിനെ വർക്കല ഊന്നിൻമൂട്ടിലെ കള്ള് ഷാപ്പിൽ നിന്നാണ് പിടികൂടിയത്. തുടർന്നാണ് മറ്റ് പ്രതികൾ കൂടി അറസ്റ്റിലാകുന്നത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അറസ്റ്റിലായ അനിൽ 2011 ൽ ആറ്റിങ്ങലിൽ നിന്ന് 350 കിലോ റബർ ഷീറ്റ് മോഷ്ടിച്ച കേസിലും നാല് വർഷം മുമ്പ് ചാത്തന്നൂരിൽ വീട് പൊളിച്ച് സ്വർണവും പണവും കവർന്ന കേസിലും 2001 ൽ കീഴാറ്റിങ്ങൽ ഏലാപ്പറത്ത് വൃദ്ധയുടെ മാല കവർന്ന കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കാവൂർ സി.ഐ ശ്രീകുമാർ, ചിറയിൻകീഴ് സി.ഐ സജീഷ്, കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, ബിജു, ദിലീപ്, ജോതിഷ്യാ, റിയാസ്, ഫിറോസ് എന്നിവരും സൈബർ സെല്ലം ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.