വിതുര: പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലെ പ്രമുഖ ജംഗ്ഷനായ ആനപ്പാറയ്ക്ക് സുരക്ഷയൊരുക്കാൻ കാമറകൾ റെഡി. ആനപ്പാറ മേഖലയിൽ വർദ്ധിച്ചുവരുന്ന മോഷണവും സാമൂഹികവിരുദ്ധ ശല്യവും ലഹരിപദാർത്ഥ വില്പനയും തടയിടുന്നതിനായാണ് ഇവിടെ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നത്. അടുത്തിടെ ആനപ്പാറയിൽ നിരവധി മോഷണങ്ങൾ അരങ്ങേറിയിരുന്നു. മാത്രമല്ല, കഞ്ചാവ് വില്പനയും തകൃതിയായി നടക്കുന്നുണ്ട്. പൊൻമുടിയിലും മറ്റും എത്തുന്ന വിനോദസഞ്ചാരികൾക്ക് കഞ്ചാവും മറ്റ് ലഹരിപദാർത്ഥങ്ങളും വില്ക്കുന്ന സംഘവും ഇവിടെ സജീവമായതായി പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.

ആനപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ കലാ - സാംസ്കാരിക വേദിയുടെ ഏഴാമത് വാർഷിക ആഘോഷത്തിന്റെ ഭാഗമായാണ് വിതുര - പൊന്മുടി സംസ്ഥാന പാതയിലെ ആനപ്പാറ ജംഗ്ഷനിൽ സി.സി ടി.വി കാമറകൾ വയ്ക്കുന്നത്. മാഹാത്മയുടെ ഏഴാമത് വാർഷികവും ഓണാഘോഷവും സുരക്ഷ കാമറ ഉദ്ഘാടനവും പ്രതിഭ സംഗമവും കലാ കായിക മത്സരങ്ങളും ഉൾപ്പെടെ രണ്ടു ദിവസം നീളുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

നാളെ വൈകിട്ട് 5ന് ആനപ്പാറ ജംഗ്ഷനിൽ നടക്കുന്ന വാർഷികാഘോഷത്തിൽ സി.സി ടി.വി കാമറകളുടെ ഉദ്ഘാടനം കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിക്കും. മഹാത്മ കലാ - സാംസ്കാരിക വേദി പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം റൂറൽ എസ്.പി ബി. അശോകൻ മുഖ്യാതിഥിയാകും. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എസ്. അജിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.എൽ. കൃഷ്ണകുമാരി, നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, വിതുര സി.ഐ എസ്. ശ്രീജിത്ത്‌ തുടങ്ങിയവരും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ ആനപ്പാറ ഗവ. ഹൈസ്‌കൂളിനെയും കൊമേഴ്സിൽ ഡോക്ടറെറ്റ് നേടിയ മുൻ വിതുര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശാന്തി ജി. നായരെയും അനുമോദിക്കും. 13ന് രാവിലെ 9 മുതൽ വിവിധ കലാ - കായിക മത്സരങ്ങൾ നടത്തും. വൈകിട്ട് 3 മണി മുതൽ വടംവലി, ഉറിയടി, രാത്രി 7 ന് കരോക്കെ ഗാനമേള എന്നിവയും ഉണ്ടാകും.