sajinbabu

തിരുവനന്തപുരം: റോമിൽ നടക്കുന്ന ഇരുപതാമത് ഏഷ്യറ്റിക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാർഡ് സജിൻ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം 'ബിരിയാണി'ക്ക് ലഭിച്ചു. മത്സരവിഭാഗത്തിൽ നിന്നാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഒമ്പത് ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. നെറ്റ്പാക്ക് ജോയിന്റ് പ്രസിഡന്റ് ഫിലിപ്പ് ചെ ചെയർമാനും ശ്രീലങ്കൻ സംവിധായകൻ അശോക ഹന്ദഗാമ, ചലച്ചിത്രനിരൂപകൻ മാര മാറ്റ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

സജിൻ ബാബുവിന്റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരമാണിത്. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ അസ്തമയം വരെ (അൺ ടു ദ ഡസ്‌ക്) ഐ.എഫ്.എഫ്.കെ അടക്കം നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് സജിൻബാബു.