വെള്ളറട: നാട്ടുകാരുടെ നീണ്ട പ്രതിക്ഷേധങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഫലം കണ്ടു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം നിലമാംമൂട് അഞ്ചുമരങ്കാല റോഡ് നവീകരണം തുടങ്ങി. കാൽനടയാത്രയ്ക്ക പോലും കഴിയാത്ത അവസ്ഥയിലായിരുന്ന റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെയും ബി.ജെ.പി യുടെയും നേതൃത്വത്തിൽ നിരവധി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇതോടെ സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഇടപെട്ട് 20 ലക്ഷം രൂപ റോഡ് നിർമ്മാണത്തിനായി അനുവദിച്ചു. റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് കരാറും നൽകി. കരാറുകാരൻ പണിചെയ്യാൻ എത്തിയപ്പോൾ നാട്ടുകാർ തടഞ്ഞു. റോഡിൽ നിലമാംമൂട്ടിലും മുള്ളിലവുവിളയ്ക്കും സമീപവും വൻതോതിൽ വെള്ളം കെട്ടിനിന്നാണ് റോഡ് തകരുന്നത്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ കരാറുകാരനെ തടഞ്ഞത്. തുടർന്ന് വീണ്ടും എം.എൽ.എ ഫണ്ട് അനുവദിച്ചു. കരാറും വിളിച്ചു. എന്നാൽ കരാർ ഏറ്റെടുക്കാൻ ആരും തയാറായില്ല. ഇതിനിടയിൽ ആറുകിലോമീറ്റർ വരുന്ന ദൂരത്തിന് ഒരു കിലോമീറ്ററിന് റബറൈസിഡ് ടാറും ഓടയും നിർമ്മിക്കുന്നതിന് ഒരുകോടി രൂപവച്ച് 6 കോടി രൂപ അനുവദിച്ചപ്പോഴാണ് കരാർ ഏറ്റെടുക്കാൻ കരാറുകാർ തയാറായത്. ഇതോടെ തകർന്നുകിടക്കുന്ന നിലമാംമൂട് - അഞ്ചുമരങ്കാല റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ രണ്ട് ഘട്ടമായി ആരംഭിച്ചു.