തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെഎം ബഷീർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ വഫ ഫിറോസ് രംഗത്ത്. അപകടസമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും കാറോടിച്ചത് വഫയായിരുന്നുവെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫ രംഗത്തെത്തിയത്. ടിക് ടോക് വീഡിയോയിലൂടെയാണ് വഫയുടെ പ്രതികരണം.

താനാണ് കാറോടിച്ചത് എന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അപകടത്തിന് ആറോ ഏഴോ ദൃക്‌സാക്ഷികളുണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ടുണ്ട്. ഇതൊക്കെ എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. എനിക്ക് പവർ ഇല്ല. എനിക്ക് എന്താണ് നാളെ സംഭവിക്കുകയെന്ന് അറിയില്ല. അപകടം നടന്നതിന്റെ മൂന്നാം ദിവസം തന്നെ സംഭവിച്ച കാര്യങ്ങൾ എന്താണെന്ന് താൻ വ്യക്തമാക്കിയിരുന്നു. അതെല്ലാം സത്യവുമാണ്. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തുംചെയ്യാം. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും​ വഫ പറയുന്നു.

ചീഫ് സെക്രട്ടറിക്ക് നൽകിയ ഏഴു പേജുള്ള വിശദീകരണ കുറിപ്പിൽ തനിക്കിതിരെയുള്ള ആരോപണങ്ങളെല്ലാം ശ്രീറാം നിഷേധിച്ചിരുന്നു. തന്റെ വാദം കേൾക്കണമെന്നും സർവീസിൽ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീരാമിന്റെ സസ്‌പെൻഷൻ രണ്ടുമാസത്തേക്ക് കൂടി നീട്ടി.