2

വിഴിഞ്ഞം: കോവളം തീരം സീസൺ തിരക്കിലമർന്നു. എന്നാൽ സഞ്ചാരികളുടെ പ്രാഥമികാവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞില്ല എന്നത് പോരായ്മയായി. തീരം സഞ്ചാരി സൗഹൃദമാക്കാനായി തുടങ്ങിവച്ച 20 കോടിയുടെ വികസന പദ്ധതികളാണ് തീരത്തടുക്കാതെ നിൽക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യപിച്ച 20 കോടിയുടെ പദ്ധതി ഈ സീസണ് മുൻപ് പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞെങ്കിലും പണി തുടങ്ങിയിടത്തു തന്നെയാണ്. വിദേശവനിതയുടെ കൊലപാതകത്തെ തുടർന്നാണ് യുദ്ധകാലാടിസ്ഥാനത്തിൽ കോവളം ബീച്ചിൽ സുരക്ഷാപദ്ധതികൾ നടപ്പാക്കിയത്. ലക്ഷങ്ങൾ ചെലവിട്ടാണ് ടൂറിസം വകുപ്പ് നാല് ഹൈമാസ്റ്റ് ലൈറ്റുകൾ, എൽ.ഇ.‌ഡി ലൈറ്റുകൾ, ആംബിയൻ ലൈറ്റുകൾ എന്നിവ സ്ഥാപിച്ചത്. എന്നാൽ ഇവയിൽ പലതും പ്രവർത്തനരഹിതമാണ്. ബീച്ചിൽ ഇരുട്ടായതോടെ ഇവിടെ സ്ഥാപിച്ച സി.സി ടിവി കാമറകൾകൊണ്ടും പ്രയോജനമില്ലാതായി. അപകട മുന്നറിയിപ്പ് നൽകുന്ന അലാറവും നിശ്ചലം. കൂടാതെ തെരുവുനായ്ക്കളുടെ വിളയാട്ടവും. ലോക ഭൂപടത്തിൽ ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇപ്രകാരം അധഃപതിക്കുന്നത് ടൂറിസം മേഖലയ്ക്ക് തന്നെ നാണക്കേടാണെന്ന് നാട്ടുകാർ പറയുന്നു.

വസ്ത്രം മാറാനും പ്രാഥമികാവശ്യങ്ങൾക്കും സൗകര്യമില്ല

 തീരത്തെ നടപ്പാതയുടെ ‌ടൈലുകൾ ഇളകി കിടക്കുന്നു

നടപ്പാതയിലെ സുരക്ഷാവേലികൾ തുരുമ്പെടുത്തു.

ഫൈബർ നിർമിത വേലികൾ ഇനിയും നടപ്പായില്ല

കോവളം ഹാർബർ - ലൈറ്റ് ഹൗസ് റോഡ് തകർന്നു

ലക്ഷങ്ങൾ ചെലവിട്ട വിളക്കുകൾ തെളിയാതായി

ഇടക്കൽ ദ്വീപ് കേന്ദ്രമാക്കി സാമൂഹിക വിരുദ്ധശല്യം

പാഴാകുന്നത് 20 കോടിയുടെ പദ്ധതി


ഇനിയും നടപ്പാക്കാത്ത പദ്ധതികൾ :

ഒന്നാം ഘട്ടം:

1) യോഗടെക്ക്: 16.94 ലക്ഷം

2)ആധുനിക ശൗചാലയം: 47.62 ലക്ഷം

3) സ്വാഗത കവാടം: 18 ലക്ഷം

4) ഇരിപ്പിടങ്ങൾ: 19.69 ലക്ഷം

5) കഫേ: 20.7 ലക്ഷം

6)നടപ്പാതയും സൈക്കിൾട്രാക്കും: 27.87 ലക്ഷം

7)റോളർസ്കേറ്റിംഗ് ഏരിയ: 9.5 ലക്ഷം

8)പൊലീസ് ഔട്ട് പോസ്റ്റും ലൈഫ് ഗാർഡ് കിയോസ്‌ക്കും: 11.39 ലക്ഷം

9)സി.സി ടിവി: 21 ലക്ഷം

10)ആഡിയോ സംവിധാനം: 17.7 ലക്ഷം

11)തീരസംരക്ഷണഭിത്തി, ടെട്രോപോഡ് : 3.6 കോടി.