1

വിഴിഞ്ഞം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളമില്ല. കളക്ഷൻ തുകയുമായി ബാങ്കിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ തടഞ്ഞു.ബസ് തടഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന മെക്കാനിക്കൽ ജീവനക്കാരന് സസ്പെൻഷൻ.
കെ.എസ്.ആർ.ടി.സി പൂവാർ ഡിപ്പോയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ബസ് തടഞ്ഞ ഡ്യൂട്ടിയിലുണ്ടായിരുന്ന മെക്കാനിക്കൽ ജീവനക്കാരൻ ഫെലിക്സിനെ സസ്പെൻഡ് ചെയ്തതായി എ.ടി.ഒ പറഞ്ഞു. കളക്ഷൻതുക ബാങ്കിൽ അടയ്ക്കാനായി രാവിലെ 11.30 ഓടെ ബസ് പുറപ്പെടാൻ തുടങ്ങവേയാണ് ഡ്യൂട്ടിയിലില്ലായിരുന്ന മെക്കാനിക്കൽ ജീവനക്കാരൻ സുരേഷ് കുമാർ വണ്ടി തടഞ്ഞത്. വിവരമറിഞ്ഞ് പൂവാർ പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഇയാൾ മാറി. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫെലിക്സ് ബസിന് മുന്നിൽ കിടന്നു. തുടർന്ന് ബലപ്രയോഗത്തിലൂടെ ഇയാളെ നീക്കി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയായിരുന്നു. സുരേഷിനെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

പരാതി ഇല്ലാത്തതിനാൽ ഇരുവർക്കുമെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൂവാർ പൊലീസ് പറഞ്ഞു.