കഴക്കൂട്ടം: അനധികൃത കച്ചവടം തകൃതിയായതോടെ ദേശീയപാതയിലെ കണിയാപുരം - പള്ളിപ്പുറം വെട്ടുറോഡ് ഭാഗം ഗതാഗതക്കുരുക്കിലമരുകയാണ്. ഇത് നിരവധി അപകടങ്ങൾക്കും കാരണമാകുന്നു. പള്ളിപ്പുറത്തു നിന്ന് ഒരുവാഹനം വെട്ടുറോഡ് കടന്ന് കിട്ടണമെങ്കിൽ അരമണിക്കൂറെടുക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
പൊതുവെ വീതികുറഞ്ഞ റോഡിൽ ഉൾക്കൊള്ളാവുന്നതിൽ ഇരട്ടിയോളം വാഹനങ്ങൾ എത്തുന്നതോടെ കുരുക്ക് രൂക്ഷമാകുകയാണ്. അതിനിടെ അനധികൃത കച്ചവടം കൂടിയായപ്പോൾ യാത്രക്കാർ അക്ഷരാർത്ഥത്തിൽ കുഴഞ്ഞിരിക്കുകയാണ്. അത്യാഹിതത്തിൽപ്പെട്ട രോഗികളുമായി വരുന്ന ആംബുലൻസുകൾ പോലും ഈ കുരുക്കിൽ അകപ്പെടുന്നതും നിത്യസംഭവമാണ്. ഇതിനിടയിലാണ് ദേശീയപാതയോട് ചേർന്ന് കോടതി വിധി ലംഘിച്ചുകൊണ്ടുള്ള അനധികൃത കച്ചവടം പൊടിപൊടിക്കുന്നത്. ഇത് ചോദ്യംചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. കണിയാപുരം ഡിപ്പോയ്ക്കടുത്തെ ദേശീയപാത കൈയേറി കെട്ടിയ കടകൾ വാടകയ്ക്ക് കൊടുക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതിനു പുറമേ വഴിയടച്ചുള്ള അനധികൃത പാർക്കിംഗും കൂടിയാകുമ്പോൾ കാൽനടയാത്രകാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത സ്ഥതിയാണ്. ഗതിക്കെട്ട് റോഡിൽ കയറി നടന്നു പോയാൽ പാഞ്ഞുവരുന്ന വാഹനങ്ങൾ അവരുടെ ജീവനെടുക്കുമെന്നത് ഉറപ്പാണ്. മഴക്കാലമായാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകും. അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുകയോ പാതയുടെ പിറകിലോട്ട് മാറ്റുകയോ ചെയ്താൽ ടൂവീലർ അടക്കമുള്ള ചെറുവാഹനങ്ങൾക്ക് കടന്നു പോകാനാകും. ഇത് ഇപ്പോഴത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരം കാണാൻ കഴിയുമെന്നാണ് നാട്ടുകാർ പറയുന്നത്. അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കണമന്ന് ആവശ്യപ്പെട്ട് നാട്ടുകാരും റസിഡന്റ്സ് അസോസിയേഷനുകളും യാത്രക്കാരും അധികൃതരെ പലതവണ സമീപിച്ചെങ്കിലും അവർ കേട്ട ഭാവം നടക്കുന്നില്ലെന്നും പരാതിയുണ്ട്.