kavinpuram

മലയിൻകീഴ്: വിളപ്പിൽശാല കാവിൻപുറം കാക്കമുകൾ സൗപർണികയിൽ ഹരികുമാറിന്റെ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും മൊബൈൽ ഫോണും എ.ടി.എം കാർഡും കവർന്ന പ്രതിയെ വിളപ്പിൽശാല പൊലീസ് പിടികൂടി. കാവിൻപുറം ഹൗസിംഗ് കോളനി നമ്പർ 182-ൽവിഷ്ണു(24,സജു)വാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 3നും 3.15 നും ഇടയ്ക്കാണ് മോഷണം നടന്നത്. സ്‌കൂളിൽ നിന്നു വരുന്ന കുട്ടികളെ വിളിക്കാനായി ഹരികുമാറിന്റെ ഭാര്യ ഷീജ കാവിൻപുറം ജംഗ്ഷനിലേക്ക് പോയപ്പോഴാണ് മോഷണം. പെട്ടെന്ന് തിരിച്ചെത്താമെന്നതിനാൽ വീട് പൂട്ടിയിരുന്നില്ല.15 മിനിറ്റ് കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അലമാരയിലെ തുണികൾ വാരിവലിച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും മൊബൈൽ ഫോണും എ.ടി.എം കാർഡും നഷ്ടപ്പെട്ടത് അറിയുന്നത്. മോഷ്ടിച്ചെടുത്ത ഏഴരപ്പവന്റെ സ്വർണ്ണാഭരണവും 8000 രൂപ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തതായി എസ്.ഐ. ഷിബു പറഞ്ഞു. സമീപവാസികൾ നൽകിയ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. മോഷണകേസിൽ ആദ്യമായിട്ടാണ് പ്രതി പിടിയിലാകുന്നതെന്നും നേരത്തെ ഇയാൾ കേസുകളിലൊന്നും ഉൾപ്പെട്ടിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ പ്രതിയുടെ മാതാവിന്റെ പേരിൽ നിരവിധികേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.