photo

നെടുമങ്ങാട്: ജനകീയ പ്രതിഷേധത്തിനൊടുവിൽ ആരംഭിച്ച കാച്ചാണി - കരകുളം റോഡ് നവീകരണം കലുങ്ക് നിർമ്മാണത്തിൽ തട്ടി തകിടം മറിഞ്ഞു. യാത്രക്കാരെയും നാട്ടുകാരെയും പെരുവഴിയിലാക്കി നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച് മാസങ്ങൾ പിന്നിടുമ്പോഴും അധികൃതർ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇരുചക്ര വാഹന യാത്രക്കാരന്റെ ജീവൻ അപഹരിച്ച വെള്ളക്കെട്ടുകളും ഗട്ടറുകളും ഭയന്ന് ഇതുവഴിയുള്ള യാത്ര പരമാവധി ഒഴിവാക്കാനാണ് സ്ഥിരം യാത്രക്കാരുടെ ശ്രമം. ബ്രദേഴ്‌സ് ലൈബ്രറി ജംഗ്‌ഷനിൽ അപകടങ്ങളുടെ ഘോഷയാത്രയാണ്. കുന്നൂർശാല ക്ഷേത്ര റോഡ് വഴിപിരിയുന്ന ഭാഗത്ത് കാൽനട പോലും ദുരിതപൂർണമാണ്. ഏതാനും മാസം മുമ്പ് ബൈക്ക് യാത്രികൻ വെള്ളക്കെട്ടിൽ വീണു മരിച്ചതിനെ തുടർന്ന് സി. ദിവാകരൻ എം.എൽ.എ മുൻകൈ എടുത്ത് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങളാണ് ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അനാസ്ഥയിൽ ഇഴഞ്ഞു നീങ്ങുന്നത്. വട്ടിയൂർക്കാവിൽ നിന്ന് വലിയമല ഐ.എസ്.ആർ.ഒയിലേയ്‌ക്ക് പി.എസ്.എൽ.വി വാഹനങ്ങൾ കടന്നു പോകുന്ന തന്ത്രപ്രധാന റോഡിനാണ് ഈ ദുർഗതി.

കാച്ചാണി മുതൽ ബ്രദേഴ്‌സ് ജംഗ്‌ഷൻ വരെ 250 മീറ്റർ ഭാഗത്തെ കലുങ്കിന്റെയും ഓടയുടെയും നിർമ്മാണമാണ് നാട്ടുകാരെയും യാത്രക്കാരെയും വലയ്ക്കുന്നത്. രണ്ടു മാസ കാലയളവിൽ പണി പൂർത്തിയാക്കാമെന്ന ഉറപ്പിൽ 25 ലക്ഷം രൂപയുടെ കരാറാണ് കലുങ്ക് നിർമ്മാണത്തിന് പി.ഡബ്ലിയു.ഡി നൽകിയിട്ടുള്ളത്. കരാർ നൽകി ഏഴു മാസം പിന്നിടുമ്പോഴും ഭാഗികമായ പണികളാണ് നടന്നിട്ടുള്ളത്. റോഡിന്റെ പകുതി ഭാഗത്ത് കലുങ്ക് നിർമ്മിച്ച കരാറുകാരൻ ബാക്കി ഭാഗം മറന്ന മട്ടാണ്‌.

ഓട നിർമ്മാണവും അവശേഷിക്കുന്നു. ബ്രദേഴ്‌സ് ജംഗ്‌ഷനിൽ നിന്ന് കരകുളം പാലം ജംഗ്‌ഷൻ വരെ ഒന്നര കി.മീറ്റർ റോഡ് നവീകരണവും ഇതിന്റെ ഭാഗമാണ്. മറ്റൊരു കരാറുകാരനാണ് ഈ പ്രവർത്തികൾ ഏറ്റെടുത്തത്. രണ്ടു കോടി രൂപയാണ് ഇതിന്റെ എസ്റ്റിമേറ്റ് തുക. ഈ ഭാഗത്തെ ഓടയുടെ പണി അന്തിമഘട്ടത്തിലാണ്. ആധുനിക രീതിയിലുള്ള റോഡ് നിർമ്മാണത്തിനു വേണ്ടി നിലവിലെ റോഡ് ജെ.സി.ബി ഉപയോഗിച്ച് കുത്തിപ്പൊളിച്ച് നാശമാക്കി ഇട്ടിരിക്കുന്നു. ബ്രദേഴ്‌സ് ജംഗ്‌ഷനിലെ കലുങ്കും ഓടയും പൂർത്തിയാവാത്തത് കൊണ്ടാണ് റോഡ് നവീകരണം വൈകുന്നതെന്നാണ് രണ്ടു കോടി രൂപയുടെ കരാറുകാരൻ നൽകുന്ന വിശദീകരണം. ആകെ 2.25 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് കരാറുകാരുടെ പഴിചാരലിൽ തകിടം മറിഞ്ഞിരിക്കുന്നത്.