തിരുവനന്തപുരം: അനുഗ്രഹപുണ്യം നിറ‌ഞ്ഞ നവരാത്രി ദിനങ്ങൾക്ക് ശേഷം ഇന്നലെ നവരാത്രി വിഗ്രഹങ്ങളുടെ മടക്കയാത്ര പുറപ്പെട്ടു. പൊലീസിന്റെ ഗാ‌ർഡ് ഒഫ് ഓണർ നൽകിയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നുള്ള മടക്കഘോഷയാത്രയ്ക്ക് യാത്രഅയപ്പ് നൽകിയത്. നെയ്യാറ്റിൻകര, കുഴിത്തുറ എന്നിവിടങ്ങളിൽ പതിവുള്ള ഇറക്കിപൂജയ്ക്ക് ശേഷം വിഗ്രഹങ്ങൾ നാളെ വൈകിട്ട് പദ്മനാഭപുരം കൊട്ടാരത്തിലെത്തും.
കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ പൂജയ്ക്ക് വച്ചിരുന്ന ഉടവാൾ ഇന്നലെ രാവിലെ 8.30ന് നവരാത്രി ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ ആർ. രാജരാജവർമ, സെക്രട്ടറി ഡി. വെങ്കടേശ്വര അയ്യർ എന്നിവർ കന്യാകുമാരി ദേവസ്വം അധികൃതർക്ക് കൈമാറി. പ്രഭാതപൂജയ്ക്ക് ശേഷം സരസ്വതിവിഗ്രഹത്തെ പദ്മതീർത്ഥക്കരയിൽ ആനപ്പുറത്ത് എഴുന്നള്ളിച്ചു. തുടർന്ന് ആര്യശാല നിന്ന് വേളിമല കുമാരസ്വാമിയെയും ചെന്തിട്ട നിന്ന് ശുചീന്ദ്രം മുന്നൂറ്റിനങ്കയെയും പുറത്തെഴുന്നള്ളിച്ചു. സരസ്വതിവിഗ്രഹം ചാലയിലൂടെ കിള്ളിപ്പാലത്തെത്തിയപ്പോൾ മറ്റ് വിഗ്രഹങ്ങളും സംഗമിച്ച് മടക്കയാത്ര ആരംഭിച്ചു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൊലീസ് സേനകൾ ഗാർഡ് ഒഫ് ഓണർ നൽകി. വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിൽ കിള്ളിപ്പാലത്ത് കമനീയമായ യാത്രഅയപ്പാണ് ഒരുക്കിയത്.
ഡോ. ശശി തരൂർ എം.പി, എം.എൽ.എമാരായ ഒ. രാജഗോപാൽ, വി.എസ്. ശിവകുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മിഷണർ ചന്ദ്രമതി, കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ അൻപുമണി, നവരാത്രി ആഘോഷട്രസ്റ്റ് ഭാരവാഹികളായ അനന്തപുരി മണികണ്ഠൻ, എസ്.ആർ. രമേശ്, കരമന അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഇന്നലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഇറക്കിപൂജ നടന്നു. ഇന്ന് കുഴിത്തുറ മഹാദേവക്ഷേത്രത്തിൽ വിഗ്രഹങ്ങൾക്ക് ഇറക്കിപൂജ നടക്കും. നാളെ വൈകിട്ട് പദ്മനാഭപുരത്തെത്തുന്ന ഘോഷയാത്രയെ കോട്ടവാതിലിൽ നിന്ന് തേവാരക്കെട്ടിലേക്ക് സ്വീകരിച്ചാനയിക്കും. ഹോമപ്പുരക്കുളത്തിലെ ആറാട്ടിന് ശേഷം സരസ്വതിവിഗ്രഹത്തെ തേവാരക്കെട്ടിൽ പൂജയ്ക്കിരുത്തും. ഘോഷയാത്രയിൽ അകമ്പടിയായി കൊണ്ടുവന്ന ഉടവാൾ പുരാവസ്തുവകുപ്പ് അധികൃതർ ഏറ്റുവാങ്ങി കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ സൂക്ഷിക്കും. കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും വേളിമലയിലേക്കും കൊണ്ടുപോകും. കൽക്കുളം ക്ഷേത്രത്തിൽ ഇറക്കിപൂജയ്ക്കിരുത്തുന്ന മുന്നൂറ്റിനങ്കയെ 13ന് ശുചീന്ദ്രത്തേക്ക് എഴുന്നള്ളിക്കും.