തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് നാല് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. കോട്ടൺഹിൽ സ്‌കൂളിലെ വിളപ്പിൽശാല സ്വദേശിനിയായ പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീദേവി, പ്ലസ്ടു വിദ്യാർത്ഥിനികളായ കുണ്ടമൺകടവ് സ്വദേശിനി കൃഷ്ണ, വട്ടിയൂർക്കാവ് സ്വദേശിനികളായ വിന്നു, വിന്നി എന്നിവർക്കാണ് പരിക്കേറ്റത്. ക്ലാസ് കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ.
ഇന്നലെ വൈകിട്ട് ആറോടെ ഡി.പി.ഐ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. പൂജപ്പുരയ്ക്ക് പോവുകയായിരുന്ന ബസിൽ തിങ്ങിനിറഞ്ഞ് യാത്രക്കാരുണ്ടായിരുന്നു. ഇതിനിടയിൽ ഓടിക്കൊണ്ടിരുന്ന ബസിന്റെ മുൻവശത്തെ വാതിൽ തുറക്കാനിടയാകുകയും വാതിലിന് സമീപം നിന്ന വിദ്യാർത്ഥിനികൾ റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. റോഡിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥിനികളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.