ddd

നെയ്യാറ്റിൻകര: ശക്തമായി മഴ പെയ്താൽ നെയ്യാറ്റിൻകര ടൗണും പരിസരവും വെള്ളക്കെട്ടിലേക്ക് കൂപ്പുകുത്തും. മഴ പെയ്താൽ സ്ഥിരമായി ഉണ്ടാകുന്ന വെള്ളക്കെട്ടിൽ നിന്നും ടൗണിന് മോചനം ലഭിക്കുവാനായി വാട്ടർ അതോറിട്ടിയും നെയ്യാറ്റിൻകര നഗരസഭയുമായി ചേർന്ന് നടത്തിയ ഓട പരിഷ്കരണവും പാളി. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ നെയ്യാറ്റിൻകര ടൗണിലെ താഴ്ന്ന പ്രദേശം ഏതാണ്ട് മുഴുവനും വെള്ളത്തിനടിയിലായി. പേമാരിയിൽ ആലുംമൂട് ജംഗ്ഷനിലെ റോഡ് പൂർണമായി വെള്ളത്തിനടിയിലായി. റോഡിന് ഇരുവശത്തുമുള്ള കടകളിലും മഴ വെള്ളം കയറിയതിനെ തുടർന്ന് കടകൾ അടച്ചിട്ടു. ഈ സമയമത്രയും റോഡ്ഗതാഗതം പൂർണമായും സ്തംഭിച്ചു. മഴ വെള്ളം കുത്തിയൊലിച്ച് ഓടകൾ നിറഞ്ഞ് കവിഞ്ഞതാണ് റോഡിൽ വെള്ളപ്പൊക്കമുണ്ടാകാൻ കാരണം. ആലുമ്മൂട് ജംഗ്ഷനിലെ വ്യാപാരസ്ഥാപങ്ങളിൽ വെള്ളം കയറിയത് കാരണം വൻ നാശനഷ്ടമാണുണ്ടായത്.

മഴ വെള്ളം ഒലിച്ചു പോകാനുള്ള റോഡരുകിലെ ഓടകൾ കാലവർഷത്തിന് മുൻപേ വൃത്തിയാക്കാത്തത് കാരണം ഓടകളിൽ മാലിന്യം വന്നടിയുന്നത് വെള്ളക്കെട്ടിനിടയാക്കുന്നു. ഓട നിർമ്മാണത്തിലെ അശാസ്ത്രീയതയും മഴവെള്ളം റോഡിലേക്ക് കുത്തിയൊഴുകാൻ കാരണം. ഓടകൾക്ക് അടി ഭാഗം കോൺക്രീറ്റ് ചെയ്യാതിരുന്നാൽ മഴവെള്ള ഭൂമിക്കടിയിലേക്ക് ഊർന്നിറങ്ങും. എന്നാൽ ഓടകളുടെ അടിഭാഗം മിക്കതും കോൺക്രീറ്റ് ചെയ്തതിനാൽ നിശ്ചിത അളവ് ജലത്തിൽ കൂടുതലുണ്ടായാൽ വെള്ളപ്പൊക്കത്തിന് കാരണമാകും.

റോഡുകൾ കോൺക്രീറ്റ് ചെയ്യുമ്പോൾ മഴവെള്ളം ഒഴുകി ഓടയിലേക്ക് പോകുവാനുള്ള ചരിവുകൾ ഇല്ലാത്തത് കാരണം ശക്തമായ മഴ പെയ്താൽ റോഡ് വെള്ളക്കെട്ടിലാകും. ആലുംമൂട് ജംഗ്ഷന് സമീപത്തെ കോൺവെന്റ് റോഡ് ഇന്റർലോക്ക് ചെയ്തതാകട്ടെ അശാസ്ത്രീയമാണെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. ഒരു വാഹനത്തിന് കഷ്ടിച്ച് പോകാവുന്ന തരത്തിലാണ് റോഡ് നിർമ്മാണം. ഓടകൾക്ക് മുകളിലുള്ള സ്ലാബ് റോഡിലേക്ക് ഇറങ്ങി നിൽകുന്നത് കാരണമാണ് ഈ ദുരവസ്ഥ ഉണ്ടായത്. മാത്രമല്ല മഴ വെള്ളം ഓടയിലേക്ക് ഒലിച്ചിറങ്ങുവാനുള്ള സംവിധാനവുമില്ല. ഇതു കാരണം ഇവിടെ പെയ്തിറങ്ങുന്ന മഴ വെള്ളം നേരെ ആലുമ്മൂട് ജംഗ്ഷനിൽ വന്ന് നിറയുന്നു.