തിരുവനന്തപുരം: രണ്ടാംഘട്ട പ്രചാരണത്തിന് പ്രമുഖ നേതാക്കൾ മണ്ഡലത്തിൽ എത്തിയതോടെ യു.ഡി.എഫ് പ്രവർത്തകർ ആവേശത്തിലായി. മുല്ലപ്പള്ളിക്കും തരൂരിനും മുരളീധരനും പിന്നാലെ ഇന്നലെ ഉമ്മൻചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവർ പ്രചാരണത്തിന് പൊലിമ പകർന്നു.
വിദഗ്ദ്ധ പരിശോധനയ്ക്കുശേഷം അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയുടെ ഉപതിരഞ്ഞെടുപ്പിലെ ആദ്യപരിപാടിയായിരുന്നു ഇന്നലെ. ഗൗരീശപട്ടം ക്ഷേത്രനടയിൽനിന്ന് കെ. മോഹൻകുമാറിന്റെ വാഹന പര്യടനത്തിന്റെ ഉദ്ഘാടനം. തുടർന്ന് അദ്ദേഹം രണ്ട് കുടുംബയോഗങ്ങളിലും പങ്കെടുത്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മണ്ഡലത്തിൽ രണ്ട് പൊതുയോഗത്തിലും കുറവൻകോണം, കുടപ്പനക്കുന്ന്, നെട്ടയം എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിലും പങ്കെടുത്തു. യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫും എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഇന്നലെ മണ്ഡലത്തിലെ വിവിധ യോഗങ്ങളിൽ പങ്കെടുത്തു. ഡീൻ കുര്യാക്കോസ് എം.പി കുടുംബയോഗത്തിലും പൊതുയോഗത്തിലും പങ്കെടുത്തു.
ഭവന സന്ദർശനത്തോടെയാണ് മോഹൻകുമാർ ഇന്നലെ പ്രചാരണം തുടങ്ങിയത്. ഉച്ചയ്ക്കുശേഷം വാഹന പര്യടനം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പര്യടന പോയിന്റുകളിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. അമ്പതോളം പോയിന്റുകളിൽ സ്വീകരണം ഏറ്റുവാങ്ങിയതിനു ശേഷം ആർ.സി ജംഗ്ഷനിൽ പര്യടനത്തിന് സമാപനം.