നെടുമങ്ങാട് : കഥകളി മുദ്രകൾ ജീവ സ്പന്ദനമാക്കിയ നെടുമങ്ങാടുകാരുടെ ഗോപാലപിള്ള സാർ എൺപതിന്റെ നിറവിൽ. ആസ്വാദനത്തിന്റെ അരങ്ങൊരുക്കാൻ നാല് പതിറ്റാണ്ടായി മുടങ്ങാതെ പ്രവർത്തിക്കുന്ന കഥകളി ക്ലബിന് രൂപം നൽകിയ ഗോപാലപിള്ള സാറിന് സഹൃദയരും നാട്ടുകാരും ചേർന്ന് അശീതി പ്രണാമം ഒരുക്കി. നെടുമങ്ങാട് ഗവ. ഗേൾസ് ആൻഡ് ബോയ്സ് സ്‌കൂളുകളിൽ മുപ്പത് വർഷം അദ്ധ്യാപകനായിരിക്കെ ഏതാനും സുഹൃത്തുക്കളുമായി 1981ൽ തുടങ്ങിയ നെടുമങ്ങാട് കഥകളി ക്ലബ് ഇന്നും മാതൃകാപരമായി പ്രവർത്തിക്കുന്നുണ്ട്. സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്ന സാർ ഇപ്പോഴും ആ സ്ഥാനം വഹിക്കുന്നു. നെടുമങ്ങാട് ശ്രീമുത്താരമ്മൻ ക്ഷേത്ര ഓഡിറ്റോറിയത്തിൽ 39 വർഷമായി മുടക്കം വരാതെ കഥകളി അവതരിപ്പിക്കുന്നുണ്ട്. പ്രമുഖ കഥകളി ആചാര്യന്മാരായ കലാമണ്ഡലം ഗോപി, ചെന്നിത്തല ചെല്ലപ്പൻപിള്ള, ഓയൂർ കൊച്ചുഗോവിന്ദൻ, മടവൂർ വാസുദേവൻ നായർ, ചിറക്കര മാധവൻകുട്ടി തുടങ്ങിയ പ്രതിഭകൾക്കെല്ലാം അരങ്ങൊരുക്കി. അദ്ധ്യാപന വൃത്തിയിൽ നിന്ന് ലഭിക്കുന്ന വേതനത്തിന്റെ ഒരുഭാഗം കഥകളി സംഘാടനത്തിനായി ചെലവിട്ടു. ആദ്യ വർഷങ്ങളിൽ കഥകളി ക്ലബിന്റെ പേരിൽ രണ്ടും മൂന്നും തവണ കഥകളി സംഘടിപ്പിച്ചു. സമാന ചിന്താഗതിക്കാരായ ഏതാനും അടുത്ത സുഹൃത്തുക്കളെ സഹകരിപ്പിച്ചാണ് ചെലവ് നിറവേറ്റിയത്. ഓരോതവണയും കട ബാദ്ധ്യത ഏറിയതോടെ കഥകളി വർഷത്തിൽ ഒന്നാക്കി കുറച്ചു. കൂട്ടുകാരായ ആർ. ശങ്കരൻകുട്ടി നായർ, കല്ലിംഗൽ ഭാസ്കരൻ നായർ, ബി. സാബു, ആർ.എസ്. ആശാരി എന്നിവർ ഗോപാലപിള്ള സാറിന് ഉറച്ച പിന്തുണ നൽകി. നിലവിൽ കഥകളി ക്ലബിൽ 30 അംഗങ്ങളുണ്ട്. ഗവണ്മെന്റ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, നഗരസഭാ സാക്ഷരതാസമിതി ഓഫീസർ, നെടുമങ്ങാട് ശ്രീമുത്താരമ്മൻ ക്ഷേത്ര സ്ഥാപക ട്രസ്റ്റി തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ച ഗോപാലപിള്ള സാറിന് ഗവർണറുടെ അവാർഡും ലഭിച്ചിട്ടുണ്ട്. ഹൈസ്‌കൂൾ എച്ച്.എമ്മായിരുന്ന സാഹിത്യ രത്നം പി.കെ. രാധാമണി ഭാര്യയാണ്. മക്കൾ: അഡ്വ. ഹരികുമാർ, അദ്ധ്യാപകരായ ശ്രീലേഖ, ഗീത.