പാറശാല : തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് ട്രെയിനിൽ കടത്തിയ 770 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായി. കോട്ടയം ഏറ്റുമാനൂർ സംക്രാന്തി കവല മാമൂട് ജംഗ്‌ഷനിൽ മടപ്പള്ളി വീട്ടിൽ സലോമൻ (19), ഏറ്റുമാനൂർ കുമാരനല്ലൂർ ഞണ്ട് പറമ്പ് ഒറ്റപ്ലാക്കിൽ വീട്ടിൽ ശ്രീദേവ് (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം പാറശാല സ്റ്റേഷനിൽ എത്തിയ കന്യാകുമാരി - കൊല്ലം മെമുവിലെ യാത്രക്കാരായിരുന്നു പ്രതികൾ. മധുര - തിരുവനന്തപുരം ട്രെയിനിലെ ടിക്കറ്റുമായി മെമു ട്രെയിനിൽ യാത്ര ചെയ്യവെയാണ് പിടിയിലായത്. കഞ്ചാവ് ഒരു ടീ ഷർട്ടിൽ പൊതിഞ്ഞ് ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിൽ കൊണ്ടുവരികയായിരുന്നു. പാറശാല റയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഫോട്ടോ: അറസ്റ്റിലായ പ്രതികൾ സലോമൻ, ശ്രീദേവ്.