തിരുവനന്തപുരം: ഭവന സന്ദർശനവും കവലകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള ആദ്യഘട്ട പ്രചാരണത്തിന് ശേഷം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് പൊതുപര്യടനത്തിലേക്ക്. പ്രശാന്തിന്റെ വാഹന പര്യടനത്തിന് ഇന്ന് ഉച്ചയ്ക്ക് 2.30ന് അഞ്ചുമുക്കുവയലിൽ തുടക്കമാകും. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. കിണവൂർ, പാതിരപ്പള്ളി, കുടപ്പനക്കുന്ന്, ചെട്ടിവിളാകം മേഖലകളിലാണ് ആദ്യദിന പര്യടനം.
നാലാഞ്ചിറയിലെ ബഥനി മഠവും സ്‌കൂളും സന്ദർശിച്ചായിരുന്നു ഇന്നലെ സ്ഥാനാർത്ഥി പര്യടനത്തിന്റെ തുടക്കം. പട്ടത്ത് ബെനഡിക്ട് മാർ ഗ്രിഗോറിയോസിന്റെ 25ാം ഓർമ്മ പെരുന്നാളിലും പങ്കെടുത്തു. തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള ജീവൻ പ്രകാശ് ഫൗണ്ടേഷനിലും സ്ഥാനാർത്ഥിയെത്തി. വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന സംയുക്ത തൊഴിലാളി യൂണിയൻ കൺവെൻഷനിലും പങ്കെടുത്തു. വൈകിട്ട് പട്ടം, വഴയില, തുരുത്തുമൂല, ഇന്ദിരാനഗർ, മണികണ്ഠശ്വേരം, നെട്ടയം എന്നിവിടങ്ങളിൽ വോട്ടഭ്യർത്ഥനയുമായെത്തി.