kudyvellam

പാലോട്: നന്ദിയോട്, ആനാട് ഗ്രാമപഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ കുടിനീരെന്ന സ്വപ്ന പദ്ധതിയുടെ സാക്ഷാത്കാരം ഇനിയും അകലെ...

ഓവർ ഹെഡ് ടാങ്കുകളുടെ നിർമാണം വൈകുന്നതിനാൽ പത്തുവർഷമായിട്ടും പദ്ധതി ഇഴയുകയാണ്.

60 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ മുക്കാൽപങ്കും പൂർത്തിയായി.

ഇതിൽ മൂന്നു സ്ഥലങ്ങൾ നന്ദിയോട് പഞ്ചായത്തിലും രണ്ട് സ്ഥലങ്ങൾ ആനാട് ഗ്രാമപഞ്ചായത്തിലും ആണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടത്തിപ്പ്. ഈ പദ്ധതിക്ക് വേണ്ടി സ്ഥലം വാങ്ങിയത് വലിയ വിവാദമായിരുന്നു.

നിശ്ചയിച്ച പ്രകാരം പദ്ധതി പൂർത്തീകരിക്കുകയാണെങ്കിൽ നഗരത്തിലേത് പോലെ ശുദ്ധമായ കുടിവെള്ളം ഗ്രാമപ്രദേശങ്ങളിലും എത്തിക്കാൻ കഴിയും.

നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ സ്ഥിതി എന്താണെന്ന് വിവരാവകാശ നിയമപ്രകാരം പഞ്ചായത്തംഗം സുജിത്തിന്റെ ചോദ്യത്തിന് പഞ്ചായത്തിന്റെ മറുപടി വിചിത്രമാണ്. ഈ പദ്ധതിയെ സംബന്ധിച്ച യാതൊരു വിവരങ്ങളും വാട്ടർ അതോറിട്ടിയിൽ നിന്നോ സർക്കാരിൽ നിന്നോ ലഭിച്ചിട്ടില്ലെന്നാണ് മറുപടി. സ്ഥലം വാങ്ങിയതും പദ്ധതി മേൽനോട്ടവും പഞ്ചായത്താണ് ചെയ്തത്.

സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ളാഷ് മിക്സർ, ക്ലാരിഫയർ ഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കുടിവെള്ളമെത്തിക്കുന്നതിനായി പാലോട് പുതിയ പമ്പ് ഹൗസും നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. എന്നാൽ വൈദ്യുതി ലഭിച്ചിട്ടില്ല. ഗാർഹിക കണക്ഷനുകൾ നൽകാനുള്ള വിധത്തിലാണ് പദ്ധതിയുടെ നിർവഹണം.