kaanam

തിരുവനന്തപുരം: കോർപറേറ്റുകളെ സംരക്ഷിച്ചു കൊണ്ട് സാധാരണക്കാരെ ഉപേക്ഷിക്കുന്ന നയമാണ് കേന്ദ്രം പിന്തുടരുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ഇടതു പാർട്ടികളുടെ ദേശീയ പ്രക്ഷോഭത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സായാഹ്ന ധർണ തിരുവനന്തപുരം ആർ.എം.എസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആദായ നികുതിയിൽ വൻ ഇളവുകൾ നൽകി കോടിക്കണക്കിന് രൂപയുടെ സൗജന്യമാണ് മോദി സർക്കാർ കോർപറേറ്റുകൾക്ക് നൽകുന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്കും തൊഴിലില്ലായ്മയിലേക്കും രാജ്യം കൂപ്പുകുത്തിയിരിക്കുകയാണ്. റിസർവ് ബാങ്കിൽ നിന്നു കോടികൾ വാങ്ങേണ്ടി വന്നതും ഇനിയും 30,000 കോടി ആവശ്യപ്പെടുന്നതും ഈ സാമ്പത്തിക തകർച്ചയുടെ ആക്കം വിളിച്ചോതുന്നതാണ്. പൊതുമേഖലാ സ്ഥാപനങ്ങളും ഇന്ന് വില്പനയ്ക്ക് വച്ചിരിക്കുകയാണെന്നും കാനം പറഞ്ഞു.
ജനാധിപത്യത്തെയും പൗരത്വ അവകാശങ്ങളെയും ഹനിച്ചു കൊണ്ടുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ഇടതുപക്ഷ പാർട്ടികളും ബഹുജനസംഘടനകളും ഒരാഴ്ചക്കാലം പ്രതിഷേധ വാരമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സായാഹ്ന ധർണയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു.