തിരുവനന്തപുരം: എൻ.ഡി.എ സ്ഥാനാർത്ഥി എസ്. സുരേഷിന്റെ വാഹനപര്യടനം നാളെ ആരംഭിക്കും. കണ്ണമ്മൂല ഏര്യയിലാണ് ആദ്യ പര്യടനം. ഉച്ചയ്ക്ക് 2ന് കണ്ണമ്മൂല ജംഗ്ഷനിൽ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പൊട്ടക്കുഴി പാർക്കിൽ ആദ്യദിവസത്തെ പര്യടനം ആരംഭിക്കും. ഇന്നലെ വർക്കല ശിവഗിരിമഠം സന്ദർശിച്ചാണ് സുരേഷ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് കണ്ണമ്മൂലയിൽ എത്തി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. ഉച്ചയോടെ നെട്ടയം സി.പി.ടി ജംഗ്ഷനിൽ വീടുകളിലും കടകളിലും കയറി വോട്ടഭ്യർത്ഥിച്ചു. നെട്ടയം മലമുകളിലെ കോളനി നിവാസികൾ അവിടത്തെ ശോച്യാവസ്ഥയെപ്പറ്റി സ്ഥാനാർത്ഥിയോട് പരാതിപ്പെട്ടു. ജയിച്ചാൽ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയാണ് സുരേഷ് അടുത്ത സ്ഥലത്തേക്ക് യാത്രയായത്. മണികണ്‌ഠേശ്വരത്തെത്തിയപ്പോൾ എതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തും എത്തി. പരസ്പരം അഭിവാദ്യമർപ്പിച്ച് ഇരുവരും വീണ്ടും വോട്ടർമാരുടെ അടുത്തേക്ക് പോയി.