rajan

വെഞ്ഞാറമൂട്: അറുപതുകാരിയും അലക്കു തൊഴിലാളിയുമായ വീട്ടമ്മയെ കുളിക്കടവിൽവച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും സ്വർണമാല അപഹരിക്കുകയും ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ. അഞ്ചൽ നാലുസെന്റ് കോളനി ഷിജു വിലാസത്തിൽ രാജൻ (46), അഞ്ചൽ നാലു സെന്റ് കോളനി ഐഷാ ഭവനിൽ നിസ്സാം (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം 12.30 ഓടെ അഞ്ചൽ ഭാഗത്തു നിന്ന് വെഞ്ഞാറമൂട് പൊലീസ് ഇൻസ്പക്ടർ ബി. ജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയായിരുന്നു സംഭവം. സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: നിസാമിന്റെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി വാമനപുരം കുറ്ററയിൽ എത്തിയതായിരുന്നു ഇവർ. മടങ്ങും വഴി സമീപത്തെ കുളിക്കടവിൽ തുണി കഴുകി നിൽക്കുന്ന വീട്ടമ്മയോട് കുശലം ചോദിച്ച് അരികിലെത്തുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കുതറിമാറി നിലവിളിച്ച ഇവരുടെ ഒന്നര പവന്റെ മാല കവർന്ന് രണ്ടു പേരും മുങ്ങുകയായിരുന്നു.

വീട്ടമ്മയുടെ പരാതിയെത്തുടർന്ന് വെഞ്ഞാറമൂട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവർ പിടിയിലായത്. അഞ്ചലിലെ ഒരു വ്യക്തിക്ക് സ്വർണമാല വിറ്റ ശേഷം കടക്കാൻ ശ്രമിച്ച പ്രതികളെ ടവർ ലോക്കേറ്റ് ചെയ്താണ് പിടികൂടിയത്. എസ്.ഐ ബിനീഷ് ലാൽ, എസ്.സി പി.ഒ ഷാജു, സി.പി.ഒമാരായ മഹേഷ്, അഭിനേഷ്, റാഫി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.