iran-women-football-galle
iran women football gallery

നീലപ്പെൺകൊടിയുടെ ജീവന്റെ വില

ടെഹ്റാൻ : വനിതാ വിമോചനത്തിന്റെ പുതിയ ചരിത്രം രചിച്ച് 40 കൊല്ലത്തിനുശേഷം ഇറാനിൽ വനിതകൾ പുരുഷ ഫുട്ബാൾ മത്സരങ്ങൾ കാണാൻ ഗാലറിയിലെത്തി. തന്റെ ഇഷ്ട ക്ളബിന്റെ മത്സരം കാണാൻ പുരുഷ വേഷത്തിൽ ഗാലറിയിൽ കയറിയത് ജയിൽ ശിക്ഷ കിട്ടുമെന്ന് കരുതി തീകൊളുത്തി മരിച്ച നീലപ്പെൺകൊടിയുടെ ആത്മാവിനുള്ള ആദരം പോലെയാണ്. ലോക ഫുട്ബാൾ സംഘടനയായ ഫിഫ സ്റ്റേഡിയങ്ങളുടെ വാതിലുകൾ വനിതകൾക്ക് കൂടി തുറന്നുകൊടുക്കാൻ ഇറാനെ നിർബന്ധിച്ചത്.

1979 ലെ ഇസ്മാലമിക വിപ്ളവത്തിന് ശേഷമാണ് ഇറാനിൽ വനിതകൾക്ക് പുരുഷ ഫുട്ബാൾ മത്സരങ്ങൾ കാണാൻ ഗാലറിയിൽ അനുമതി നിഷേധിക്കപ്പെട്ടത്. ഇതിനെതിരെ അടുത്തിടെ ഇറാനിൽ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. എന്നാൽ ഇസ്‌തേക്ക് ലാൽ ക്ളബിന്റെ ആരാധികയായ സഹർ ഖൊദായരി എന്ന പെൺകുട്ടി കഴിഞ്ഞമാസം സ്വയം തീ കൊളുത്തി മരിച്ചതിന് ശേഷം ഫിഫ ശക്തമായി വിഷയത്തിൽ ഇടപെട്ടു. വനിതകൾക്ക് പ്രവേശനം അനുവദിച്ചില്ലെങ്കിൽ അന്താരാഷ്ട്ര ഫുട്ബാൾ രംഗത്തുനിന്ന് ഇറാനെ വിലക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഇന്നലെ നടന്ന ഇറാനും കമ്പോഡിയയും തമ്മിലുള്ള ലോക കപ്പ് യോഗ്യതാ മത്സരം കാണാൻ വനിതകൾക്ക് അനുവാദം നൽകിയത്.

ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലായിരുന്നു ഇന്നലത്തെ മത്സരം. 78000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 3000 സീറ്റുകളാണ് സ്ത്രീകൾക്കായി മാറ്റിവച്ചത്. സ്ത്രീകൾക്ക് പ്രവേശനം നൽകിയത് സ്റ്റേഡിയത്തിന്റെ പ്രത്യേകമായി തയ്യാറാക്കിയ ഭാഗത്താണ്. പുരുഷന്മാർക്ക് ഒപ്പം ഗാലറിയിൽ ഇരിക്കാൻ വനിതകളെ അനുവദിച്ചില്ല. മത്സരം കാണാൻ ആവേശത്തോടെയാണ് വനിതകൾ എത്തിയത്. ഇറാന്റെ പതാകകളും വുവുസേലകളും അവർ കൈയിലേന്തിയിരുന്നു. മത്സരം പകുതി സമയം പിന്നിട്ടപ്പോൾ തന്നെ ഇറാൻ 7.0 ത്തിന് മുന്നിലെത്തുകയും ചെയ്തു.

സഹർ ഖൊദായരി എന്ന പെൺകുട്ടിയാണ് ഫുട്ബാൾ കാണാനുള്ള ആവേശത്തിന്റെ പേരിൽ സ്വയം ജീവനൊടുക്കിയത്. ഇറാനിയൻ ക്ളബ് ഇസ്തേക്ക് ലാലിന്റെ ആരാധികയായിരുന്നു സഹർ. ക്ളബിന്റെ മത്സരം കാണാൻ പുരുഷവേഷത്തിൽ ഗാലറിയിൽ കയറാൻ ശ്രമിച്ച സഹർ ഇൗ കുറ്റത്തിന് ആറുമാസത്തോളം ജയിൽശിക്ഷ ഭയന്ന് സ്വയം തീ കൊളുത്തി. ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞശേഷം മരണത്തിന് കീഴടങ്ങി. ഇസ്‌തേക്ക് ലാൽ ക്ളബിന്റെ ജഴ്സിയുടെ നിറമായ നീലയാണ് നീലപ്പെൺകുട്ടി എന്ന പേര് വരാൻ കാരണം.