india-cricket
india cricket

* ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും മായാങ്ക് അഗർവാളിന് സെഞ്ച്വറി (108)

* ആദ്യ ദിനം ഇന്ത്യ 273/3, പുജാരയ്ക്കും (58), കൊഹ്‌ലിക്കും (63 നോട്ടൗട്ട്)​,​ അർദ്ധ സെഞ്ച്വറി

പൂനെ : വിശാഖ പട്ടണത്തെ ഇരട്ട സെഞ്ച്വറിയുടെ തുടർച്ചയെന്നോണം ബാറ്റു വീശിയ മായാങ്ക് അഗർവാളിന്റെ മനോഹരമായ ഇന്നിംഗ്സും (108)​ ടെസ്റ്റിലെ എക്കാലത്തെയും വിശ്വസ്തൻ ചേതേശ്വർ പുജാരയുടെയും (58),​ നായകൻ വിരാട് കൊഹ്‌ലിയുടെയും (63 നോട്ടൗട്ട്)​ മികച്ച പിന്തുണയും ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചു.

ഇന്നലെ പൂനെയിൽ ആരംഭിച്ച മത്സരത്തിൽ ആദ്യദിനം വെളിച്ചക്കുറവ് മൂലം അല്പം നേരത്തെ കളി നിറുത്തിയപ്പോൾ ഇന്ത്യ 273/3 എന്ന നിലയിലാണ്. മായാങ്കിനെയും പുജാരയെയും കൂടാതെ വിശാഖ പട്ടണത്ത് രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയിരുന്ന ഓപ്പണർ രോഹിത് ശർമ്മയുടെ (14) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പേസ് ബൗളിംഗിന് പിന്തുണ നൽകിയ പിച്ചിൽ മൂന്ന് ഇന്ത്യൻ വിക്കറ്റുകൾക്കും അവകാശിയായത് കാഗിസോ റബാദയാണ്. പേസും ബൗൺസും കൊണ്ട് ബർനോൺ ഫിലാൻഡറും ആന്ദ്രേ നോർവേയും ഇന്ത്യൻ ബാറ്റ്സ്‌മാൻമാരെ വിരട്ടി നോക്കിയെങ്കിലും വിക്കറ്റുകൾ വീഴ്ത്താനായില്ല.

രാവിലെ ടോസ് നേടിയ കൊഹ്‌ലി ബാറ്റിംഗിനിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. മായാങ്കും രോഹിതും ചേർന്ന് മാന്യമായ തുടക്കമാണ് നൽകിയ്. മികച്ചൊരു ഇന്നിംഗ്സിന്റെ സൂചന നൽകിയെങ്കിലും റബാദയുടെ ഔട്ട്സ്വിംഗറിന് ബാറ്റുവയ്ക്കാൻ ആവേശം കാട്ടിയ രോഹിതിന് കീപ്പർ ഡി കോക്കിന് കാച്ച് നൽകി 10-ാം ഓവറിൽ മടങ്ങേണ്ടിവന്നു. 25 റൺസായിരുന്നു അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ.

തുടർന്നിറങ്ങിയ ചേതേശ്വർ പുജാര മികച്ച പിന്തുണ നൽകിയതോടെ മായാങ്ക് കരുത്ത് കാട്ടാൻ തുടങ്ങി. 77/1 എന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞു. തിരിച്ചെത്തിയശേഷം മായാങ്ക് അർദ്ധസെഞ്ച്വറി കടന്നു. ചായയ്ക്ക് പിരിയും മുമ്പ് പുജാരയും അർദ്ധ സെഞ്ച്വറിയിലെത്തി. 138 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ ചായയ്ക്കു മുമ്പ് റബാദ തന്നെ പുറത്താക്കി. 112 പന്തുകൾ നേരിട്ട് ഒൻപത് ബൗണ്ടറികളും ഒരു സിക്സുമടക്കം 58 റൺസടിച്ച പുജാര സ്ളിപ്പിൽ ഡുപ്ളെസിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

പുജാരയ്ക്ക് പകരമെത്തിയ നായകൻ കൊഹ്‌ലിയെക്കൂടി 168/2 എന്ന നിലയിൽ മായാങ്ക് ചായയ്ക്ക് പിരിഞ്ഞു. 86 റൺസിലായിരുന്നു മായാങ്ക് അപ്പോൾ. ചായ കഴിഞ്ഞ് മായാങ്ക് തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്ക് എത്തി. 183 പന്തുകളാണ് ഇതിനായി വേണ്ടിവന്നത്. സെഞ്ച്വറി തികച്ച് അധികം വൈകാതെ മായാങ്ക് മടങ്ങുകയും ചെയ്തു. റബാദയുടെ പന്തിൽ ഡുപ്ളെസിക്കായിരുന്നു ഈ ക്യാച്ചും.

ഇതോടെ ഇന്ത്യ 198/3 എന്ന നിലയിലായി. തുടർന്ന് കൊഹ്‌ലിക്ക് കൂട്ടായെത്തിയ അജിങ്ക്യ രഹാനെ സ്വതസിദ്ധമായ ശൈലിയിൽ പതിയെ റൺസ് നേടാൻ തുടങ്ങി. കൊഹ്‌ലിയാകട്ടെ ദക്ഷിണാഫ്രിക്കൻ പേസർമാരുടെ പന്തുകൾ സൂക്ഷ്മതയോടെ തിരഞ്ഞെടുത്ത് അപകടരഹിതമായ ഷോട്ടുകളിലൂടെ റൺസ് ഉയർത്താനും തുടങ്ങി. 105 പന്തുകൾ നേരിട്ട കൊഹ്‌ലി 10 ബൗണ്ടറികൾ അടക്കമാണ് 63 റൺസിലെത്തിയിരിക്കുന്നത്. 70 പന്തുകൾ നേരിട്ട അജിങ്ക്യ രഹാനെ മൂന്ന് ബൗണ്ടറികളടക്കമാണ് 18 റൺസ് നേടിയിരിക്കുന്നത്.

195

പന്തുകളിൽ നിന്ന് 16 ബൗണ്ടറികളും രണ്ട് സിക്സുകളും അടക്കമാണ് മായാങ്ക് 108 റൺസടിച്ചിരിക്കുന്നത്.

138

റൺസാണ് മായാങ്ക് രണ്ടാം വിക്കറ്റിൽ പുജാരയ്ക്കൊപ്പം കൂട്ടിച്ചേർത്തത്.

75

റൺസ് നാലാം വിക്കറ്റിൽ ഇതുവരെ കൊഹ്‌ലിയും രഹാനെയും കൂട്ടിച്ചേർത്തിട്ടുണ്ട്.

വിഹാരിക്ക് പകരം ഉമേഷ്

ഇന്നലെ ആൾ റൗണ്ടർ ഹനുമ വിഹാരിക്ക് പകരം പേസ് ബൗളർ ഉമേഷ് യാദവിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ പ്ളേയിംഗ് ഇലവൻ പ്രഖ്യാപിച്ചത്. ആദ്യ ടെസ്റ്റിലെ വിന്നിംഗ് ടീമിൽ മറ്റ് മാറ്റങ്ങളില്ല. ദക്ഷിണാഫ്രിക്കൻ ടീമിലും ഒരു മാറ്റമുണ്ടായിരുന്നു. ഡേൻ പീറ്റിന് പകരം പേസർ നോർജേ ഇടം പിടിച്ചു.

50

ഇന്ത്യൻ ക്യാപ്ടന്റെ കുപ്പായത്തിൽ വിരാട് കൊഹ്‌ലിയുടെ 50-ാമത്തെ ടെസ്റ്റായിരുന്നു പൂനെയിൽ.

50 ടെസ്റ്റുകളിൽ ഇന്ത്യയെ നയിക്കാൻ അവസരം ലഭിക്കുന്ന രണ്ടാമത്തെ താരമാണ് കൊഹ്‌ലി.

60 മത്സരങ്ങളിൽ ക്യാപ്ടനായിരുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലാണ് ഇക്കാര്യത്തിലെ റെക്കാഡ്.

47 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച സൗരവ് ഗാംഗുലിയെ ഇന്നലെ കൊഹ്‌ലി മറികടന്നു.

2016ലെ ആസ്ട്രേലിയൻ പര്യടനത്തിനിടെ ധോണി ടെസ്റ്റിൽ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചോഴാണ് കൊഹ്‌ലി ക്യാപ്ടനായത്.

സ്കോർ ബോർഡ്

ടോസ് ഇന്ത്യ

ഇന്ത്യ ബാറ്റിംഗ് : മായാങ്ക് അഗർവാൾ സി ഡുപ്ളെസി ബി റബാദാ 108, രോഹിത് ശർമ്മ സി ഡികോക്ക് ബി റബാദ 14, ചേതേശ്വർ പുജാര സി ഡുപ്ളെസി ബി റബാദ 58, വിരാട് കൊഹ്‌ലി നോട്ടൗട്ട് 63, അജിങ്ക്യ രഹാനെ നോട്ടൗട്ട് 18, എക്സ്ട്രാസ് 12, ആകെ 85.1 ഓവറിൽ 273/3.

വിക്കറ്റ് വീഴ്ച : 1-25 (രോഹിത്), 2-163 (പുജാര)​,​ 3-198 (മായാങ്ക്).

ബൗളിംഗ് : ഫിലൻഡർ 17-5-37-0, റബാദ 18.1-2-48-3, നോർജേ 13-3-60-0, മോൾഡ് മഹാരാജ് 29-8-84-0, മുത്തുസ്വാമി 6-1-22-0. എൽഗാർ 2-0-11-0.

* ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ മായാങ്ക് അഗർവാൾ 215 റൺസടിച്ചിരുന്നു.

ആദ്യ ഹോം ടെസ്റ്റിലായിരുന്നു മായാങ്കിന്റെ ഇരട്ട സെഞ്ച്വറി.

ടെസ്റ്റിലെ കന്നി സെഞ്ച്വറി ഇരട്ട സെഞ്ച്വറിയിലെത്തിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമായിരുന്നു മായാങ്ക്.

വീരേന്ദർ സെവാഗിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടർച്ചയായ ടെസ്റ്റുകളിൽ സെഞ്ച്വറി നേടുന്ന ഇന്ത്യൻ ഓപ്പണറാണ് മായാങ്ക്.