m-c-marykom
m c marykom

. എം.സി. മേരികോം ഉൾപ്പെടെ നാല് ഇന്ത്യൻ വനിതാതാരങ്ങൾ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ സെമിയിലെത്തി മെഡൽ ഉറപ്പിച്ചു.

. മേരികോം ഉറപ്പാക്കിയത് തന്റെ എട്ടാമത്തെ ലോക ചാമ്പ്യൻഷിപ്പ് മെഡൽ

. മഞ്ജു റാണി, യമുന ബോറോ, ലോവ്‌ലിന ബൊർഗോഹേൻ എന്നിവരാണ് സെമിയിലെത്തിയ മറ്റ് ഇന്ത്യൻ താരങ്ങൾ.

ഉലാൻ-യുൻഡേ റഷ്യയിൽ നടക്കുന്ന ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ തകർപ്പൻ വിജയങ്ങൾ നേടി എം.സി. മേരികോമടക്കം നാല് ഇന്ത്യൻ താരങ്ങൾ മെഡൽ ഉറപ്പാക്കി. സെമിയിലെത്തിയ മേരികോം, മഞ്ജു റാണി, യമുന ബോറോ എന്നിവർക്ക് വെങ്കലമെഡലെങ്കിലും ഉറപ്പായിട്ടുണ്ട്.

ആറുതവണ ലോക ചാമ്പ്യനായിട്ടുള്ള മേരികോം 51 കി.ഗ്രാം വിഭാഗത്തിൽ തന്റെ എട്ടാം ലോക മെഡൽ ഉറപ്പാക്കിയതോടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലോക ചാമ്പ്യൻഷിപ്പ് മെഡലുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കാഡിനും അർഹയായി.

ഏഴ് മെഡലുകൾ നേടിയിട്ടുള്ള ഫെലിക്‌സ് സാവോണിനെയാണ് മേരികോം മറികടന്നത്. ആറ് മെഡലുകൾ നേടിയിട്ടുള്ള കാത്തീ ടെയ്‌ലറെ മറികടന്നാണ് ഡൽഹിയിൽ നടന്ന കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ മേരികോം സ്വർണം നേടിയിരുന്നത്.

51 കി.ഗ്രാം വിഭാഗത്തിൽ മൂന്നാം സീഡായി മത്സരിച്ച മേരികോം ക്വാർട്ടറിൽ കൊളംബിയയുടെ വലൻസിയ വിക്ടോറിയയെ 5- 0എന്ന സ്കോറിനാണ് ഇടിച്ചുവീഴ്ത്തിയത്.

48 കി.ഗ്രാം വിഭാഗത്തിൽ മഞ്ജു റാണി കഴിഞ്ഞ വർഷത്തെ വെങ്കല മെഡൽ ജേതാവ് ഉത്തരകൊറിയയുടെ കിം ഹയാംഗ് മിയെ 4-1 നാണ് കീഴടക്കിയത്.

യമുന ബോറോ ക്വാർട്ടറിൽ ജർമനിയുടെ ഉർസുല ഗോട്ടോബിനെതിരെ വിജയം നേടിയതും 4-1 എന്ന മാർജിനിലാണ്. ആറാം സീഡ് പോളണ്ടുകാരി കരോളിന കൊസേവ്‌കയെ ലവ്‌ലിന ബൊർഗോഹേൻ കീഴടക്കിയതും ഇതേസ്കോറിനാണ്. തന്റെ രണ്ടാം ലോക ചാമ്പ്യൻഷിപ്പ് മെഡലാണ് ലവ്‌ലിന ഉറപ്പാക്കിയിരിക്കുന്നത്.

ശനിയാഴ്ച നടക്കുന്ന സെമി ഫൈനലിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യൻ തുർക്കിയുടെ ബുസേനാസ് സാക്കിറോഗുളുവാണ് മേരികോമിന്റെ എതിരാളി. തായ്‌‌ലൻഡിന്റെ ചുതാമത്ത് റക്സത്തിനെയാണ് സെമിയിൽ മഞ്ജുറാണി നേരിടുക. യമുന ബോറോ ടോപ്‌സീഡ് ഹുവാംഗ് സിയാവോ വെന്നിനെയും ലവ്‌ലിന ചൈനയുടെ യാംഗ് ലിയുവിനെയും നേരിടും.